തിരുവനന്തപുരം: 2026-27 അധ്യയനവര്‍ഷം മുതല്‍ ഒന്നാംക്ലാസ് പ്രവേശന പ്രായം ആറുവയസാക്കേണ്ടതുണ്ടെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. കേരളത്തില്‍ നിലവില്‍ ഒന്നാംക്ലാസിലേക്കുള്ള പ്രവേശത്തിനുള്ള പ്രായം അഞ്ചുവയസാണെന്നും അതേസമയം ശാസ്ത്രീയമായ പഠനങ്ങള്‍ ആറുവയസാണ് നിര്‍ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു. അതുകൊണ്ടുതന്നെ അടുത്ത അധ്യയനവര്‍ഷം മുതല്‍ മാറ്റം കൊണ്ടുവരാനുള്ള ആലോചനയിലാണ് സര്‍ക്കാരെന്നും വിദ്യാഭ്യാസമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളെ കാണുകയായിരുന്നു മന്ത്രി.
ഔപചാരിക വിദ്യാഭ്യാസത്തിനായുള്ള സ്‌കൂള്‍ പ്രവേശന പ്രായം കേരളത്തില്‍ അഞ്ച് വയസാണ്. ശാസ്ത്രീയ പഠനങ്ങളും മറ്റും നിര്‍ദ്ദേശിക്കുന്നത് ഔപചാരിക വിദ്യാഭ്യാസത്തിനായി കുട്ടികള്‍ സജ്ജമാകുന്നത് ആറ് വയസിന് ശേഷമാണ് എന്നതാണ്. അതുകൊണ്ടാണ് വിദ്യാഭ്യസപരമായി വികസിത രാജ്യങ്ങളെല്ലാം ഔപചാരിക വിദ്യാഭ്യാസ പ്രവേശന പ്രായം ആറ് വയസ്സോ അതിന് മുകളിലോ ആക്കുന്നത്. പക്ഷേ കേരളീയ സമൂഹം എത്രയോ കാലങ്ങളായി കുട്ടികളെ അഞ്ച് വയസ്സിലാണ് ഒന്നാം ക്ലാസ്സില്‍ ചേര്‍ക്കുന്നത്. ഇതില്‍ മാറ്റം വരണമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.
അതേസമയം, വലിയൊരു വിഭാഗം കുട്ടികളെ ആറ് വയസില്‍ സ്‌കൂളില്‍ ചേര്‍ക്കുന്ന അവസ്ഥ നിലവിലുണ്ട്. ഏതാണ്ട് 50 ശതമാനത്തിലധികം കുട്ടികള്‍ നിലവില്‍ ആറ് വയസിന് ശേഷമാണ് സ്‌കൂളില്‍ എത്തുന്നത്. ഇത് പ്രോത്സാഹിപ്പിക്കപ്പെടണം. 2026-’27 അക്കാദമിക വര്‍ഷം മുതല്‍ ഒന്നാം ക്ലാസ്സ് പ്രവേശന പ്രായം ആറ് വയസാക്കി മാറ്റാന്‍ നമുക്ക് കഴിയണമെന്നും മന്ത്രി ആവശ്യപ്പെട്ടു. മാത്രമല്ല, ഒന്നാം ക്ലാസ്സ് പ്രവേശനത്തിന് കുട്ടികള്‍ക്ക് പരീക്ഷയോ ക്യാപ്പിറ്റേഷന്‍ ഫീസോ വാങ്ങുന്നത് ശിക്ഷാര്‍ഹമാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
2009-ലെ വിദ്യാഭ്യാസ അവകാശ നിയമം അധ്യായം നാലിലെ വ്യവസ്ഥകള്‍ അനുസരിച്ച് ഒന്നാം ക്ലാസ്സ് പ്രവേശനത്തിന് കുട്ടികള്‍ക്ക് പരീക്ഷയോ തലവരിപ്പണം വാങ്ങുകയോ ചെയ്യുന്നത് ശിക്ഷാര്‍ഹമായ നടപടിയാണെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. സെക്ഷന്‍ 13-ല്‍ ഒന്നില്‍ എ, ബി ക്ലോസ്സുകള്‍ ഈ കാര്യങ്ങള്‍ വിശദീകരിച്ചിട്ടുണ്ട്. ഈ നിയമം കാറ്റില്‍ പറത്തി ചില വിദ്യാലയങ്ങള്‍ ഇത് തുടരുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. അവര്‍ക്കെതിരെ പരാതി ലഭിച്ചാല്‍ രാജ്യത്തെ നിയമം അനുശാസിക്കുന്ന രീതിയില്‍ നടപടികള്‍ സ്വീകരിക്കുന്നതാണെന്നും മന്ത്രി പറഞ്ഞു.