ഒടുവിൽ പച്ചക്കൊടി; ഇന്ത്യൻ ഫുട്ബാൾ ടീം ഏഷ്യൻ ഗെയിംസിന്

news image
Jul 26, 2023, 4:01 pm GMT+0000 payyolionline.in

ന്യൂഡൽഹി: ഒടുവിൽ കായിക മന്ത്രാലയം കനിഞ്ഞു. ഇന്ത്യയുടെ പുരുഷ-വനിത ഫുട്ബാൾ ടീം ചൈനയിൽ പന്തുതട്ടും. കേന്ദ്ര കായിക മന്ത്രാലയത്തിന്‍റെ യോഗ്യത മാനദണ്ഡങ്ങളിൽ മാറ്റംവരുത്താൻ തീരുമാനിച്ചതോടെയാണ് ഇരു ടീമുകൾക്കും ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കാനുള്ള അവസരം ഒരുങ്ങിയത്.

ചൈനയിലെ ഹാങ്ഷൗവിലാണ് ഇത്തവണ ഗെയിംസ് നടക്കുന്നത്. ഏഷ്യയിലെ മികച്ച എട്ടു ടീമുകളിലൊന്നാണെങ്കില്‍ മാത്രമേ വിവിധയിനങ്ങളിലുള്ള ടീമുകളെ ഏഷ്യന്‍ ഗെയിംസിന് അയക്കേണ്ടതുള്ളൂ എന്നാണ് കായികമന്ത്രാലയം നേരത്തെയെടുത്ത തീരുമാനം. ഇതു സംബന്ധിച്ച് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷനും ദേശീയ കായിക ഫെഡറേഷനും കത്തയച്ചിരുന്നു. എന്നാൽ ഈ സമീപനത്തിനെതിരെ വ്യാപകമായ പ്രതിഷേധങ്ങളാണ് ഉയർന്ന് വന്നത്. ദേശീയ ഫുട്ബാൾ ടീം പരിശീലകൻ ഇഗർ സ്റ്റിമാക് വിഷയത്തിൽ പ്രധാനമന്ത്രി മോദിക്കും കായികമന്ത്രി അനുരാഗ് ഠാകുറിനും കത്തെഴുതുകയുണ്ടായി. പ്രതിഷേധങ്ങൾക്കിടെയാണ് നിയമങ്ങളിൽ മാറ്റം വരുത്തി ടീമുകളെ പങ്കെടുപ്പിക്കാമെന്ന അനുരാഗ് ഠാകുറിന്റെ ട്വീറ്റ് വരുന്നത്.

‘ഇന്ത്യൻ ഫുട്ബോൾ പ്രേമികൾക്ക് സന്തോഷ വാർത്ത! വരാനിരിക്കുന്ന ഏഷ്യൻ ഗെയിംസിൽ നമ്മുടെ ദേശീയ ഫുട്ബോൾ ടീമുകൾ, പുരുഷ-വനിതാ ടീമുകൾ പങ്കെടുക്കാൻ ഒരുങ്ങുകയാണ്. നിലവിലെ മാനദണ്ഡമനുസരിച്ച് യോഗ്യത നേടാത്ത രണ്ട് ടീമുകളുടെയും പങ്കാളിത്തം സുഗമമാക്കുന്നതിന് നിയമങ്ങളിൽ ഇളവ് വരുത്താൻ ഇന്ത്യ ഗവൺമെന്റിന്റെ യുവജനകാര്യ, കായിക മന്ത്രാലയം തീരുമാനിച്ചു. സമീപകാലത്തെ അവരുടെ പ്രകടനങ്ങൾ കണക്കിലെടുത്താണ് മന്ത്രാലയം ഇളവ് നൽകാൻ തീരുമാനിച്ചത്. അവർ ഏഷ്യൻ ഗെയിംസിൽ തങ്ങളുടെ ഏറ്റവും മികച്ച മുന്നേറ്റം നടത്തി രാജ്യത്തിന് അഭിമാനമാകുമെന്ന് എനിക്ക് ഉറപ്പുണ്ട്.’ മന്ത്രി ട്വീറ്റ് ചെയ്തു.

ഒരു വർഷമായി ഇന്ത്യന്‍ ഫുട്ബാള്‍ ടീം മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്. ഏഷ്യൻ ഫുട്ബാൾ ഫെഡറേഷന്‍റെ റാങ്കിങ്ങിൽ ഇന്ത്യ 18ാം സ്ഥാനത്താണ്. ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കുന്നത് രാജ്യത്തെ ഫുട്ബാളിനും അണ്ടർ 23 ടീമിനും ഊർജമാകും. 2018ലെ ഏഷ്യന്‍ ഗെയിംസിലും മന്ത്രാലയത്തിന്റെ മാനദണ്ഡങ്ങൾ ചൂണ്ടിക്കാട്ടി ഫുട്ബാള്‍ ടീമിനെ അയച്ചിരുന്നില്ല.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe