ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ നടുക്കിയ ഉഗ്രസ്ഫോടനം ആസൂത്രിത ചാവേർ ഭീകരാക്രമണം. ചെങ്കോട്ടയ്ക്ക് സമീപം സ്ഫോടനത്തിൽ പൊട്ടിത്തെറിച്ച ഐ20 കാർ ഓടിച്ചത് ഫരീദാബാദ് ഭീകരസംഘത്തിൽ ഉൾപ്പെട്ട ഡോക്ടർ ഉമർ മുഹമ്മദ് ആണെന്ന് ഡൽഹി പൊലീസ് വൃത്തങ്ങൾ സ്ഥിരീകരിച്ചു.
ഫരീദാബാദ് ഭീകര സംഘം പിടിയിലായതോടെ അവരുടെ കൂട്ടാളിയായ ഡോക്ടർ ഉമർ മുഹമ്മദ് ആസൂത്രണം ചെയ്തതാണ് സ്ഫോടനം എന്നാണ് ഇതുവരെയുള്ള നിഗമനം. ഡോക്ടർ ഉമർ മുഹമ്മദിന്റെ കശ്മീരിലെ വീട്ടിൽ എത്തിയ പൊലീസ് അമ്മയെയും സഹോദരനെയും കസ്റ്റഡിയിലെടുത്തു.
കഴിഞ്ഞദിവസം ഫരീദാബാദിൽ വൻ സ്ഫോടകസാമഗ്രികളുമായി അറസ്റ്റിലായ ഡോ. അബ്ദീൽ അഹമദ് റാത്തർ, ഡോ. മുസാമിൽ ഷക്കീൽ, ജെയ്ഷെ മുഹമദ് വനിതാവിഭാഗം നേതാവ് ഷഹീൻ ഷഹീദ് എന്നിവരുടെ കൂട്ടാളിയാണ് ഉമർ. ജെയ്ഷെ മുഹമദ്, അൽഖായ്ദയുമായി ബന്ധമുള്ള അൻസാർ ഗസ്വത്ത് ഉൽ ഹിന്ദ് തുടങ്ങിയ സംഘടനകളുടെ ഭാഗമായ ‘ഫരീദാബാദ് ഭീകരസംഘം’ പിടിയിലായതോടെ പരിഭ്രാന്തനായ ഉമർ സ്ഫോടകവസ്തുക്കൾ നിറച്ച കാറുമായി ചെങ്കോട്ടയ്ക്ക് സമീപമെത്തി സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു എന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്.
സ്ഫോടനത്തിൽ ഉമറും കൊല്ലപ്പെട്ടതായാണ് പ്രാഥമിക നിഗമനം. ഇൗ വസ്തുത സ്ഥിരീകരിക്കാൻ എൽഎൻജിപി ആശുപത്രിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹാവശിഷ്ടങ്ങളിൽ ഡിഎൻഎ പരിശോധന നടത്തും. ഇതിനുവേണ്ടി ഉമറിന്റെ അമ്മയുടെ സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്.
സ്ഫോടനങ്ങൾക്ക് പിന്നിൽ ജെയ്ഷെ മുഹമദ് തലവൻ മസൂദ് അസ്ഹറിന് പങ്കുണ്ടെന്നാണ് ലഭ്യമായ സൂചനകൾ. മേയ് ഏഴിന് ബഹാവൽപുരിൽ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിൽ മസൂദ്അസ്ഹറിന്റെ നിരവധി ബന്ധുക്കൾ കൊല്ലപ്പെട്ടിരുന്നു. ഇതിനുപിന്നാലെ പ്രതികാരത്തിനായി മസൂദ്അസ്ഹറും ജെയ്ഷെ മുഹമദും നീക്കങ്ങൾ നടത്തുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. അതേസമയം, ഇതുസംബന്ധിച്ച് ഒൗദ്യോഗിക സ്ഥിരീകരണങ്ങളുണ്ടായിട്ടില്ല.
