കോഴിക്കോട്: മെഡിക്കൽ കോളജ് സർജിക്കൽ ഐ.സി.യു പീഡനക്കേസിൽ ആശുപത്രി ജീവനക്കാർ അതിജീവിതയെ ഭീഷണിപ്പെടുത്തിയ കേസിൽ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് തിങ്കളാഴ്ച മെഡിക്കൽ കോളജിലെത്തി തെളിവെടുപ്പ് നടത്തി. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ജോ. ഡയറക്ടർ ഡോ. ഗീത രവീന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘമാണ് തെളിവെടുപ്പ് നടത്തിയത്. അതിജീവിതയിൽനിന്ന് സംഘം വിശദമായ മൊഴിയെടുത്തു. താൻ പറഞ്ഞതിനു വിരുദ്ധമായാണ് പരിശോധിച്ച ഗൈനക്കോളജി വിഭാഗത്തിലെ ഡോ. കെ.വി. പ്രീത പൊലീസിന് മൊഴി നൽകിയതെന്നും ഇത് അന്വേഷത്തെ ബാധിക്കുമെന്നതിനാൽ ഡോക്ടർക്കെതിരെ നടപടി സ്വീകരിക്കണമെന്നും യുവതി സംഘത്തോട് ആവശ്യപ്പെട്ടു. തന്നെ ഭീഷണിപ്പെടുത്തിയ അഞ്ച് ജീവനക്കാരെ പൊലീസ് അന്വേഷണം പൂർത്തിയാവുന്നതിന് മുമ്പ്, കുറ്റവിമുക്തരാക്കി സർവിസിൽ തിരിച്ചെടുത്ത മുൻ പ്രിൻസിപ്പൽ ഡോ. ഗോപിക്കെതിരെ നടപടി സ്വീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു. സംഘത്തിന് രേഖാമൂലം പരാതി നൽകിയിട്ടുമുണ്ട്.
മെഡിക്കൽ കോളജ് കോൺഫറൻസ് ഹാളിലായിരുന്നു തെളിവെടുപ്പ്. സീനിയർ അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ വി.വി. ജയ, ജൂനിയർ സൂപ്രണ്ടുമാരായ എസ്. സജീവ്, കെ. റെജിമോൻ എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു. പ്രതിക്കെതിരായ മൊഴിയിൽ നിന്ന് പിന്മാറാൻ ആശുപത്രിയിലെ അഞ്ചു ജീവനക്കാർ പരാതിക്കാരിയെ ഭീഷണിപ്പെടുത്തിയെന്ന കേസാണ് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് അന്വേഷിക്കുന്നത്. കുറ്റാരോപിതരായ അഞ്ചു ജീവനക്കാർ, സംഭവ ദിവസം ജോലിയിലുണ്ടായിരുന്ന മറ്റ് ജീവനക്കാർ, അതിജീവിതക്ക് അനുകൂലമായി മൊഴികൊടുത്തതിന് ഭരണാനുകൂല ട്രേഡ് യൂനിയൻ നേതാവ് ഭീഷണിപ്പെടുത്തിയെന്ന് പരാതിപ്പെട്ട ഹെഡ് നഴ്സ് തുടങ്ങിയവരിൽനിന്നും സംഘം മൊഴി രേഖപ്പെടുത്തി. രാവിലെ 9.30ന് ആരംഭിച്ച തെളിവെടുപ്പ് രാത്രിവരെ നീണ്ടു. കേസിൽ കുറ്റാരോപിതരായ അഞ്ചു ജീവനക്കാരെ അന്വേഷണം പൂർത്തിയാവുന്നതിന് മുമ്പ് പ്രിൻസിപ്പൽ സർവിസിൽ തിരിച്ചെടുത്തത് വിവാദമാവുകയും പിന്നീട് പ്രതികൾക്കെതിരെ പൊലീസ് കോടതിയിൽ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തതോടെയാണ് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് അന്വേഷണത്തിന് സംഘത്തെ നിയോഗിച്ചത്.