തിരുവനന്തപുരം: ഇന്റലിജൻസ് ബ്യൂറോ (ഐ.ബി) ഉദ്യോഗസ്ഥ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഒളവിൽ പോയ സുകാന്തിനെ സർവിസിൽ നിന്ന് പുറത്താക്കാനുള്ള നടപടി ആരംഭിച്ചു. കൊച്ചി വിമാനത്താവളത്തിലെ എമിഗ്രേഷൻ വിഭാഗം ഉദ്യോഗസ്ഥനായ സുകാന്ത് പ്രൊബേഷൻ പിരീഡിലാണ്.
അതേസമയം, സംഭവ നടന്ന് 19 ദിവസമായിട്ടും സുകാന്തിനെ കണ്ടെത്താനാവാതെ വലയുകയാണ് പൊലീസ്. സുകാന്തും കുടുംബവും എവിടെയെന്നതില്‍ ഇതുവരെ പൊലീസിന് തുമ്പൊന്നും കിട്ടിയിട്ടില്ല. അന്വേഷണത്തിന്‍റെ തുടക്കത്തിൽ പൊലീസ് കാണിച്ച അലംബാവമാണ് ഇതിന് കാരണമെന്ന് മരിച്ച ഉദ്യോഗസ്ഥയുടെ കുടുംബം ആരോപിക്കുന്നു. മരണത്തിന് കാരണം സുകാന്താണെന്ന് തുടക്കത്തിൽ തന്നെ യുവതിയുടെ കുടുംബം പരാതിപെട്ടിരുന്നു. എന്നാൽ, അയാളെ കസ്റ്റഡിയിലെടുക്കാനോ ചോദ്യം ചെയ്യാനോ പൊലീസ് തയാറായില്ല. മരിക്കുന്നതിന് തൊട്ടുമുമ്പും യുവതി സുകാന്തുമായി സംസാരിച്ചതിന്റെ ഉൾപ്പെടെയുള്ള തെളിവുകള്‍ കണ്ടെത്തിയതോടെ സുകാന്തും കുടുംബവും ഒളിവിൽ പോയി. ഇതോടെ അന്വേഷണം വഴിമുട്ടിയ അവസ്ഥയിലാണ്.
സുകാന്തിന്റെ ഭാഗത്ത് നിന്ന് പെട്ടെന്നുണ്ടായ പ്രകോപനമാണ് യുവതിയെ ആത്മഹത്യയിലേക്ക് എത്തിച്ചതെന്നും മാനസികമായും ശാരീരികമായും പീഡിപ്പിച്ചതിന് തെളിവുകള്‍ കിട്ടിയിട്ടുണ്ടെന്നും പൊലീസ് പറയുന്നു. എന്നാൽ, ഇയാളെ കണ്ടെത്തിയാൽ മാത്രമേ ഇരുവരും അവസാനമായി സംസാരിച്ചത് എന്താണെന്നും മരണ കാരണവും അറിയാന്‍ സാധിക്കൂ. ലുക്ക് ഔട്ട് സര്‍ക്കുലര്‍ ഇറക്കിയും സംസ്ഥാനത്തിന് പുറത്തും പൊലീസ് അന്വേഷണം നടത്തുന്നുണ്ടെങ്കിലും ഇതുവരെ യാതൊരു വിവരവും ഇല്ല. പ്രത്യേക സംഘമായി തിരിഞ്ഞാണ് അന്വേഷണം.