ഐ ബി ഉദ്യോഗസ്ഥയുടെ മരണത്തിൽ റിമാൻഡിൽ ആയ സുകാന്തിനെ പേട്ട പോലീസ് ഇന്ന് കസ്റ്റഡിയിൽ വാങ്ങും. കൂടുതൽ ചോദ്യം ചെയ്യലിനും തെളിവെടുപ്പും നടത്താനാണ് പൊലീസ് ലക്ഷ്യം. സുകാന്തിന്റെ ഫേണിലെ ഡിജിറ്റൽ തെളിവുകൾ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം നടത്തുന്നത്. പ്രതി സുകാന്ത് വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി ഉപയോഗിച്ചെന്ന് പൊലീസ് കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. യുവതിയിൽ നിന്നും സുകാന്ത് പല തവണ പണം കൈപ്പറ്റിയിരുന്നു. ബാങ്കുമായി ബന്ധപ്പെട്ട ഡിജിറ്റൽ തെളുവുകൾ പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു. ഹൈക്കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെയാണ് സുകാന്ത് പൊലീസിൽ കീഴടങ്ങിയത്.
കഴിഞ്ഞ ദിവസം കേസിലെ നിർണായക തെളിവുകൾ പൊലീസ് വീണ്ടെടുത്തിരുന്നു. ഐ ബി ഉദ്യോഗസ്ഥയും പ്രതി സുകാന്തും തമ്മിൽ നടന്ന ചാറ്റാണ് പൊലീസിന് ലഭിച്ചത്. സുകാന്ത് യുവതിയോട് എപ്പോൾ മരിക്കുമെന്ന് ആവർത്തിച്ച് ചാറ്റിൽ ചോദിക്കുന്നുണ്ട്. ലഭിച്ച ചാറ്റ് ആത്മഹത്യാ പ്രേരണക്കുറ്റത്തിന് ശക്തമായ തെളിവാണെന്ന് പൊലീസ്.
ബന്ധുവിന്റെ പക്കൽ നിന്നും സുകാന്തിൻ്റെ ഐ ഫോൺ വാങ്ങി നടത്തിയ പരിശോധനയിലാണ് നിർണായക തെളിവ് ലഭിച്ചത്. ടെലിഗ്രാം ആപ്പ് വഴി നടത്തിയ ചാറ്റ് ഡീലീറ്റ് ചെയ്തെങ്കിലും ആപ് റിമൂവ് ചെയ്തിരുന്നില്ല. ഇതിൽ നിന്നാണ് പൊലീസ് ചാറ്റ് വീണ്ടെടുക്കാൻ തീരുമാനിച്ചത്.
ഫെബ്രുവരി 9ന് ഇരുവരും നടത്തിയ ചാറ്റിൽ യുവതിയെ വേണ്ടെന്നു സുകാന്ത് പറഞ്ഞപ്പോൾ എനിക്ക് ഭൂമിയിൽ ജീവിക്കാൻ താത്പര്യമില്ലെന്ന് യുവതി മറുപടി നൽകി. നീ ഒഴിഞ്ഞാലേ എനിക്ക് അവളെ കല്യാണം കഴിക്കാൻ പറ്റുള്ളൂവെന്ന് വീണ്ടും സുകാന്ത് പറയുന്നുണ്ട്. മറുപടിയായി അതിന് ഞാൻ എന്ത് ചെയ്യണമെന്ന യുവതിയുടെ ചോദ്യത്തിന് നീ പോയി ചാകണമെന്ന് സുകാന്ത് മറുപടി നൽകി. കൂടാതെ നീ എന്നു ചാകുമെന്ന് നിരന്തരം സുകാന്ത് ചോദിച്ചപ്പോൾ ഓഗസ്ത് 9ന് മരിക്കുമെന്ന് ഐബി ഉദ്യോഗസ്ഥ തിരിച്ചു മറുപടിയും നൽകി.