ഏഴ് വർഷത്തെ ഒഎസ് അപ്ഡേറ്റ്, 5100 mAh ബാറ്ററി; വിലകുറഞ്ഞ പുതിയ പിക്സല് 9എ ഫോണ്‍ പുറത്തിറക്കി

news image
Mar 25, 2025, 4:57 pm GMT+0000 payyolionline.in

പിക്‌സല്‍ 9 സീരീസിലെ ഏറ്റവും വില കുറഞ്ഞ പുതിയ മോഡൽ ഗൂഗിള്‍ പുറത്തിറക്കി. വിലകൂടിയ പിക്‌സല്‍ 9 സ്മാര്‍ട്‌ഫോണുകളിലെ നിരവധി ഫീച്ചറുകളുമായാണ് പിക്‌സല്‍ 9എ സ്മാര്‍ട്‌ഫോണ്‍ അവതരിപ്പിച്ചിരിക്കുന്നത്. എങ്കിലും ചില ഫീച്ചറുകള്‍ ഒഴിവാക്കപ്പെട്ടിട്ടുണ്ട്. ഗൂഗിളിന്റെ ഏറ്റവും വില കുറഞ്ഞ സ്മാര്‍ട്‌ഫോണ്‍ മോഡലെന്ന് പറയാമെങ്കിലും വിപണിയിലെ വിലകുറഞ്ഞ മോഡലാണെന്ന് പറയാന്‍ സാധിക്കില്ല.

49999 രൂപയ്ക്കാണ് പിക്‌സല്‍ 9എ ഇന്ത്യയില്‍ അവതരിപ്പിച്ചിരിക്കുന്നത്. 8ജിബി റാം+256 ജിബി സ്റ്റോറേജിന്റെ ഒരു ഓപ്ഷന്‍ മാത്രമാണ് വിപണിയിലെത്തുക. ഫോണ്‍ എന്ന് വില്‍പനയ്‌ക്കെത്തുമെന്ന് കമ്പനി അറിയിച്ചിട്ടില്ല. 2025 ഏപ്രിലില്‍ ഫോണ്‍ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സവിശേഷതകള്

പിക്‌സല്‍ 8എ സ്മാര്‍ട്‌ഫോണില്‍ നിന്ന് വിവിധ മാറ്റങ്ങളുമായാണ് പിക്‌സല്‍ 9എ എത്തിയിരിക്കുന്നത്. പിക്‌സല്‍ ഫോണുകളിലെ മുഖ്യ ആകര്‍ഷണങ്ങളിലൊന്നായ ക്യാമറ ബമ്പ് ഒഴിവാക്കിയാണ് പിക്‌സല്‍ 9എ തയ്യാറാക്കിയിരിക്കുന്നത്.

48 എംപി പ്രധാന സെന്‍സറും 13 എംപി അള്‍ട്രാ വൈഡ് സെന്‍സറും അടങ്ങുന്ന ഡ്യുവല്‍ ക്യാമറയാണിതില്‍. പ്രൈമറി സെന്‍സര്‍ ഉപയോഗിച്ച് വസ്തുക്കളുടെ കൂടുതല്‍ അടുത്ത് നിന്നുള്ള ചിത്രങ്ങള്‍ പകര്‍ത്തുന്നതിനായി ഒരു മാക്രോ മോഡ് ഫോണില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 13 എംപിയാണ് സെല്‍ഫി ക്യാമറ.

6.3 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയില്‍ 120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റുണ്ട്. 2700 നിറ്റ്‌സ് ഉയര്‍ന്ന ബ്രൈറ്റ്‌നെസുണ്ട്. ഗൂഗിളിന്റെ ടെന്‍സര്‍ ജി4 ചിപ്പ്‌സെറ്റാണ് ഇതില്‍. 8 ജിബി റാമും 256 ജിബി സ്റ്റോറേജുമുണ്ട്.

5100 എംഎഎച്ച് ആണ് ബാറ്ററി. ക്യുഐ വയര്‍ലെസ് ചാര്‍ജിങും 23 വാട്ട് വയേര്‍ഡ് ചാര്‍ജിങ് സൗകര്യവുമുണ്ട്. ഐപി 68 റേറ്റിങും ഫോണിനുണ്ട്.

മറ്റ് പിക്‌സല്‍ ഫോണുകളെ പോലെ ജെമിനൈ എഐ ഫീച്ചറുകളും ഫോണില്‍ ലഭ്യമാണ്. ഏഴ് വര്‍ഷത്തെ ഒഎസ് അപ്‌ഡേറ്റും സെക്യൂരിറ്റി അപ്‌ഡേറ്റും ഫോണില്‍ ലഭിക്കും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe