കോട്ടയം :ഏറ്റുമാനൂരില്‍ പൊലീസുകാരൻ ശ്യാംപ്രസാദ് മർദനത്തിൽ കൊല്ലപ്പെട്ടതു വാരിയെല്ലിനു പരുക്കേറ്റെന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. മര്‍ദനമേറ്റു വാരിയെല്ലുകള്‍ ഒടിഞ്ഞു ശ്വാസകോശത്തിൽ കയറി ആന്തരിക രക്തസ്രാവമുണ്ടായാണു മരണമെന്നാണു കണ്ടെത്തൽ. തിങ്കളാഴ്ച പുലര്‍ച്ചെയാണു കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ ഡ്രൈവറായ മാഞ്ഞൂര്‍ ചിറയില്‍വീട്ടില്‍ ശ്യാംപ്രസാദ് (44) കൊല്ലപ്പെട്ടത്. കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിലും പൊലീസ് ക്ലബിലും ക്യാംപിലും പൊതുദർശനത്തിനു വച്ച ശേഷം വൈകിട്ടോടെ വീട്ടുവളപ്പിൽ മൃതദേഹം സംസ്കരിച്ചു.
അറസ്റ്റിലായ ജിബിന്‍ ജോര്‍ജ് (27) ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്നു പൊലീസ് പറഞ്ഞു. ഏറ്റുമാനൂര്‍ തെള്ളകത്തെ തട്ടുകടയിലുണ്ടായ സംഘര്‍ഷത്തിനിടെയാണു ശ്യാമിനെ ജിബിന്‍ കൊലപ്പെടുത്തിയത്. കടന്നുകളയാൻ ശ്രമിച്ചെങ്കിലും പിന്നാലെയെത്തിയ പൊലീസ് ജിബിനെ പിടികൂടുകയായിരുന്നു. ഗാന്ധിനഗർ സ്റ്റേഷനിൽ റൗഡി ലിസ്റ്റിൽ ഉള്ള ജിബിൻ ലഹരിക്കടത്ത്, കഞ്ചാവ് കേസുകളിൽ പ്രതിയാണ്. ‘കോക്കാടൻ’ എന്നാണു വിളിപ്പേര്.
മോഷണം, അടിപിടി എന്നിവയാണു സ്ഥിരം പരിപാടി. ബാറുകളിൽ കയറി മറ്റുള്ളവരെ ഭീഷണിപ്പെടുത്തി മദ്യപിക്കാറുമുണ്ട്. കഴിഞ്ഞ 13ന് പാറമ്പുഴ സ്വദേശി വിനീതിനെയും സഹോദരനെയും ആക്രമിച്ച കേസിൽ ഇയാൾക്കെതിരെ കേസെടുത്തിരുന്നു. ഇത്രയേറെ ക്രിമിനൽ പശ്ചാത്തലമുണ്ടായിട്ടും എന്തുകൊണ്ട് ‘കാപ്പ’ ചുമത്തിയില്ലെന്നു പൊലീസ് അന്വേഷിക്കും. ജിബിനെ സംഭവസ്ഥലത്തെത്തിച്ചു തെളിവെടുത്തു.
അതിരമ്പുഴ–ഏറ്റുമാനൂർ മേഖല ഗുണ്ടകളുടെ സ്ഥിരം കേന്ദ്രമാണെന്നു നാട്ടുകാർ ആരോപിച്ചു. രാസലഹരി ഉൾപ്പെടെ ഉപയോഗിക്കുന്ന ക്രിമിനലുകൾ നിരന്തരം മേഖലയിൽ പ്രശ്നങ്ങളുണ്ടാക്കുന്നുണ്ട്. കാപ്പ ചുമത്തി ജില്ലയിൽനിന്നു പുറത്താക്കിയ പ്രതി വീണ്ടുംവന്നു പ്രശ്നം ഉണ്ടാക്കിയ സംഭവവും അടുത്തിടെ ഉണ്ടായിരുന്നു. കഴിഞ്ഞ നവംബറിൽ എംഡിഎംഎയുമായി 5 പേരെ അറസ്റ്റു ചെയ്തതും ഏറ്റുമാനൂരിൽ നിന്നാണ്.