2024 -25 സാമ്പത്തിക വർഷംഅവസാനിക്കുകയാണ്. നാളെ മുതൽ പുതിയ സാമ്പത്തിക വർഷം ആരംഭിക്കുമ്പോൾ നിരവധി കാര്യങ്ങളിലാണ് മാറ്റം വരുന്നത്. ബാങ്ക് നിയമങ്ങൾ ഉൾപ്പടെ പലതും മാറുന്നുണ്ട്. ഏപ്രിൽ 1 മുതൽ ഇന്ത്യയിൽ സാമ്പത്തിക മേഖലയിൽ വരുന്ന മാറ്റങ്ങൾ എന്തൊക്കെയാണെന്ന് അറിയാം
ക്രെഡിറ്റ് കാർഡ് റിവാർഡുകൾ
എസ്‌ബിഐ, ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് തുടങ്ങിയ ബാങ്കുകൾ അവരുടെ കോ-ബ്രാൻഡഡ് വിസ്താര ക്രെഡിറ്റ് കാർഡുകളിൽ മാറ്റം വരുത്തുകയാണ്. അതായത്, ഈ കാർഡുകളുടെ ടിക്കറ്റ് വൗച്ചറുകൾ, പുതുക്കൽ ആനുകൂല്യങ്ങൾ, മൈൽസ്റ്റോൺ റിവാർഡുകൾ തുടങ്ങിയ ആനുകൂല്യങ്ങൾ ഏപ്രിൽ 18 മുതൽ നിർത്തലാക്കും.
മിനിമം ബാലൻസ്
രാജ്യത്തെ പ്രമുഖ ബാങ്കുകളായ എസ്‌ബിഐ, പഞ്ചാബ് നാഷണൽ ബാങ്ക്, കാനറ ബാങ്ക് എന്നിവ മിനിമം ബാലൻസ് പുതുക്കിയിട്ടുണ്ട്. ഏപ്രിൽ ഒന്ന് മുതലായിരിക്കും ഇവ പ്രാബല്യത്തിൽ വരിക. മിനിമം ബാലൻസ് നിലനിർത്തിയില്ലെങ്കിലിൽ ബാങ്കുകൾ പിഴ ഈടാക്കിയേക്കാം.
പോസിറ്റീവ് പേ സിസ്റ്റം (പിപിഎസ്)
ഇടപാടുകളുടെ സുരക്ഷ വർധിപ്പിക്കുന്നതിനായി ബാങ്കുകൾ ഇപ്പോൾ പോസിറ്റീവ് പേ സിസ്റ്റം അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. 5000 രൂപയ്ക്ക് മുകളിലുള്ള ചെക്കുകൾക്ക് ഇനി ഈ രീതിയായിരിക്കും ബാങ്കുകൾ പിന്തുടരുക. ഈ ചെക്കുകൾ മാറുന്നതിന് ഉപഭോക്താക്കൾ ചെക്ക് നമ്പർ, തീയതി, പണം സ്വീകരിക്കുന്നയാളുടെ പേര്, തുക തുടങ്ങിയ വിശദാംശങ്ങൾ നൽകണം.
സേവിംഗ്സ് അക്കൗണ്ടിലെയും എഫ്ഡിയിലെയും പലിശ
ബാങ്കുകൾ തങ്ങളുടെ സേവിംഗ്സ് അക്കൗണ്ടിലെയും എഫ്ഡിയിലെയും പലിശകളിൽ മാറ്റം വരുത്തുന്നുണ്ട്. അതായത്, സേവിംഗ്സ് അക്കൗണ്ട് പലിശ ഇപ്പോൾ അക്കൗണ്ട് ബാലൻസിനെ ആശ്രയിച്ചിരിക്കും. ഇതുവഴി ഉയർന്ന ബാലൻസുകൾക്ക് മികച്ച നിരക്കുകൾ നേടാൻ കഴിയും.