തിരുവനന്തപുരം ∙ വി.എസ്. അച്യുതാനന്ദന് മരണാനന്തര ബഹുമതിയായി ലഭിച്ച പത്മവിഭൂഷൺ കുടുംബം സ്വീകരിക്കില്ല. വി.എസിന്റെ മകൻ വി.എ. അരുൺകുമാറാണ് ഇക്കാര്യം ഫെയ്സ്ബുക്കിലൂടെ അറിയിച്ചത്. വി.എസിന് ജനഹൃദയങ്ങളിൽ ലഭിച്ചിട്ടുള്ള സ്ഥാനമാണ് ഏതൊരു പുരസ്കാരത്തേക്കാളും വലുതെന്ന് ഞങ്ങൾ വിശ്വസിക്കുന്നുവെന്നും ജനങ്ങൾ അദ്ദേഹത്തിന് നൽകുന്ന സ്നേഹവായ്പുകൾക്ക് നന്ദിയെന്നും അരുൺ കുമാർ ഫെയ്സ്ബുക്കിൽ കുറിച്ചു.
വി.എ. അരുൺകുമാറിന്റെ ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
ഭാരതത്തിന്റെ പരമോന്നത സിവിലിയൻ ബഹുമതികളിലൊന്നായ പത്മവിഭൂഷൺ അന്തരിച്ച എന്റെ പിതാവ് വി.എസ്. അച്യുതാനന്ദന് നൽകാൻ തീരുമാനിച്ച വിവരം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൽ നിന്നും അറിയിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഇന്ന് വന്ന കത്ത് താഴെ പങ്കുവയ്ക്കുന്നു. ജനകീയ പോരാട്ടങ്ങളിലൂടെയും അചഞ്ചലമായ രാഷ്ട്രീയ നിലപാടുകളിലൂടെയും പതിറ്റാണ്ടുകളോളം കേരളീയ പൊതുസമൂഹത്തിനൊപ്പം സഞ്ചരിച്ച വി.എസിനോട് ജനങ്ങൾ കാണിക്കുന്ന സ്നേഹവും ബഹുമാനവും എന്നും ഞങ്ങൾക്ക് വലിയ കരുത്താണ്. ഈ പുരസ്കാരം അദ്ദേഹത്തിന്റെ പൊതുജീവിതത്തോടുള്ള ആദരമായി കാണുന്നു.
