കൊച്ചി∙ കരുവന്നൂർ ബാങ്കു തട്ടിപ്പു കേസിൽ സിപിഎം നേതാവ് എ.സി.മൊയ്തീൻ എംഎൽഎയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) നോട്ടിസ്. ചോദ്യം ചെയ്യലിനു തിങ്കളാഴ്ച ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടിസ്. ഇതിനോടൊപ്പം 10 വർഷത്തെ നികുതി രേഖകൾ ഹാജരാക്കാനും ഇഡി നിർദേശിച്ചു.
കരുവന്നൂർ ബാങ്ക് തട്ടിപ്പു കേസിൽ ഇന്ന് ഹാജരാകാൻ എ.സി.മൊയ്തീന് നോട്ടിസ് നൽകിയിരുന്നു. എന്നാൽ, ഹാജരാകുന്നതിന് അസൗകര്യമറിയിച്ച് ഇഡിക്കു മൊയ്തീൻ ഇ–മെയിൽ അയച്ചതിനെ തുടർന്നാണ് തിങ്കളാഴ്ച ഹാജരാകാൻ നിർദേശിച്ചത്. അതേസമയം, പുതുപ്പള്ളി തിരഞ്ഞെടുപ്പിനു ശേഷമേ ഇഡിക്കു മുന്നിൽ മൊയ്തീൻ ഹാജരാകുവെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. കേസുമായി ബന്ധപ്പെട്ട് ബിജു കരീം, പി.പി.കിരൺ, അനിൽ സേഠ് എന്നിവരുടെ മൊഴി ഇഡി രേഖപ്പെടുത്തിയിട്ടുണ്ട്.
തിരഞ്ഞെടുപ്പിനു മുൻപു ഹാജരാകുന്നതു വലിയ വാർത്തയാകുകയും പാർട്ടിക്കു ക്ഷീണമുണ്ടാക്കുകയും ചെയ്യുമെന്നു കരുതി പാർട്ടി തന്നെയാണു ഹാജരാകേണ്ടതെന്നു മൊയ്തീനു നിർദേശം നൽകിയത്. കരുവന്നൂർ സഹകരണ ബാങ്കിലെ വായ്പത്തട്ടിപ്പും കള്ളപ്പണം വെളുപ്പിച്ചതും അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് ഇഡി സംഘം സിപിഎം സംസ്ഥാന കമ്മിറ്റി അംഗം കൂടിയായ മൊയ്തീന്റെ വീട് റെയ്ഡ് ചെയ്തതും ചോദ്യം ചെയ്യലിനു ഹാജരാകാൻ ആവശ്യപ്പെട്ടതും.