‘എൽഡിഎഫിന് എൽഡിഎഫുകാര്‍ പോലും വോട്ട് ചെയ്തിട്ടില്ല’; അത് മറച്ചു വെച്ചിട്ട് കാര്യമില്ലെന്ന് ബിനോയ് വിശ്വം

news image
Jul 19, 2024, 2:06 pm GMT+0000 payyolionline.in

ആലപ്പുഴ: വെറുപ്പിന്‍റെ രാഷ്ട്രീയം തൃശൂരില്‍ വിജയിച്ചുവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.
ആലപ്പുഴയിലെയും തൃശൂരിലെയും തോൽവിക്ക് പ്രത്യേക അർഥമുണ്ട്. ആ പാഠം പഠിക്കും, തിരുത്തും. തൃശൂരില്‍ എല്‍ഡിഎഫിനും യുഡിഎഫിനും വോട്ട് കുറഞ്ഞപ്പോൾ ബിജെപിക്ക് വോട്ട് കൂടി. എൽഡിഎഫിന് എൽഡിഎഫുകാര്‍ പോലും വോട്ട് ചെയ്തിട്ടില്ല. അത് മറച്ചു വെച്ചിട്ട് കാര്യമില്ല. ഇടതുപക്ഷത്തുമുണ്ട് കുറ്റം ചെയ്തവർ. അവർ തിരുത്താൻ തയാറാകണമെന്നും ബിനോയ് വിശ്വം പറഞ്ഞു.

ഇടതുപക്ഷം മുൻഗണന നിശ്ചയിക്കണം. പെൻഷനും ഭക്ഷ്യവകുപ്പിനും ഒന്നാം സ്ഥാനം നൽകണം. പെൻഷൻ മുടങ്ങിയതും മാവേലി സ്റ്റോറിൽ സാധനം ഇല്ലാതായതും മുൻഗണനയായി കാണാൻ കഴിഞ്ഞില്ല. ജനം നൽകിയ മുന്നറിയിപ്പ് തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ, സിപിഐ സംസ്ഥാന കൗണ്‍സിലും സർക്കാരിന്റെയും മുന്നണിയുടേയും പ്രവർത്തനം മെച്ചപ്പെടുത്തണമെന്ന് ബിനോയ് വിശ്വം പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പ് തോൽവിയിൽ കൂട്ടുത്തരവാദിത്തം വേണമെന്നും മുഖ്യമന്ത്രിയെ മാത്രം കുറ്റം പറയുന്നതിൽ അർത്ഥമില്ലെന്നുമാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്.

അതേസമയം, സിപിഎം – സിപിഐ നേതാക്കൾ ജനഹൃദയങ്ങളിൽ നിന്ന് അകന്നുവെന്നാണ് കൗണ്‍സിലില്‍ വിമര്‍ശനം ഉയര്‍ന്നത്. സിപിഎം – സിപിഐ പാർട്ടികളുടെ അടിത്തറ തകർന്നു. ബൂത്തിലിരിക്കാൻ ആളില്ലാത്തിടത്ത് പോലും ബിജെപി വോട്ട് പിടിച്ചു. കേരളത്തിലെ ഇടതുപക്ഷം ഇങ്ങനെ പോയാൽ ബം​ഗാളിന്റെ പാതയിലെന്നും കൗൺസിലിൽ വിമർശനമുയർന്നു. ധനവകുപ്പിനെതിരെയും കടുത്ത വിമർശനമാണുണ്ടായത്.  തോൽവി വിലയിരുത്തുന്നവർ മാടമ്പള്ളിയിലെ രോഗി ധനവകുപ്പെന്ന് തിരിച്ചറിയണമെന്ന് പ്രതിനിധികൾ ചൂണ്ടിക്കാട്ടി. ധനവകുപ്പിന്റെ കെടുകാര്യസ്ഥത തെരഞ്ഞെടുപ്പ് തിരിച്ചടിക്ക് കാരണമായി എന്നും കൗൺസിൽ കുറ്റപ്പെടുത്തി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe