എറണാകുളം ചെറായിയിൽ ശക്തമായ മഴയിലും കാറ്റിലും വഞ്ചി മറിഞ്ഞ് യുവാവിനെ കാണാതായി. ചെറായി തൃക്കടക്കാപ്പിള്ളി പുഴയിൽ ഇന്നലെയാണ് അപകടം ഉണ്ടായത്. തൃക്കടക്കാപ്പിള്ളി സ്വദേശി നിഖിലിനെയാണ് കാണാതായത്. കൂട്ടുകാർക്കൊപ്പം പുഴയിൽ വഞ്ചിയുമായി പോകവെയായിരുന്നു അപകടം സംഭവിച്ചത്. യുവാവിനായി തിരച്ചിൽ തുടരുന്നു.
അതിനിടെ, എറണാകുളത്ത് മരം വീണു തൊഴിലുറപ്പ് തൊഴിലാളിയായ വൃദ്ധ മരിച്ചു. തൊഴിലുറപ്പ് ജോലി കഴിഞ്ഞു വീട്ടിലേക്കു മടങ്ങുമ്പോഴാണ് അപകടം സംഭവിച്ചത്. മരിച്ചത് തിരുമാറാടി വില്ലേജ് കരവട്ടേ അമ്മാം കുളത്തിൽ അന്നക്കുട്ടി(85 ). ഇന്നലെ വൈകിട്ട് ആയിരുന്നു സംഭവം. അതേസമയം, ആലുവയിൽ കടയ്ക്ക് മുകളിലേക്ക് മരം മുറിഞ്ഞ് വീണു. എളവൂരിൽ വട്ടപ്പറമ്പ് റോഡ് സമീപത്താണ് സംഭവം. ഷീറ്റ് കൊണ്ട് നിർമ്മിച്ച കട പൂർണ്ണമായും തകർന്നു. അഗ്നിരക്ഷാസേന മരം മുറിച്ച് മാറ്റി ഗതാഗതം പുനസ്ഥാപിച്ചു.
തിരുവനന്തപുരത്ത് കനത്ത മഴയിൽ കഴക്കൂട്ടം പുല്ലാട്ടുകരി ലക്ഷംവീട്ടിൽ സിന്ധുവിന്റെ ഓടിട്ട വീട്ടിൽ സമീപത്തു നിന്ന മരം കടപുഴകി വീടിൻ്റെ മേൽക്കൂരയും വീടും പൂർണമായി തകർന്നു. വ്യാഴാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം. വീട്ടിനുള്ളിൽ ഉണ്ടായിരുന്നവർ നിസ്സാര പരിക്കുകളോടെ അവർ രക്ഷപ്പെട്ടു.