വിദ്യാർഥികൾക്ക് വമ്പൻ സൗജന്യ ഓഫറുമായി ഇന്ത്യയിലെ രണ്ടാമത്തെ വലിയ മൊബൈൽ ഓപ്പറേറ്ററായ ഭാരതി എയർടെൽ. എയർടെലുമായി ചേർന്ന് AI-പവർഡ് സെർച്ച് പ്ലാറ്റ്ഫോമായ പെർപ്ലെക്സിറ്റിയാണ് ഒരു കിടിലൻ ഓഫറുമായി രംഗത്തെത്തിയിരിക്കുന്നത്. ഭാരതി എയർടെല്ലിന്റെ ഉപഭോക്താക്കൾക്ക് ഇപ്പോൾ പെർപ്ലെക്സിറ്റി പ്രോയുടെ ഒരു വർഷത്തെ സൗജന്യ സബ്സ്ക്രിപ്ഷൻ ആക്സസ് ചെയ്യാൻ കഴിയും.
ഇന്ത്യയിലെ കോളേജ് വിദ്യാർത്ഥികൾക്കായി ഗൂഗിൾ തങ്ങളുടെ പ്രീമിയം AI ടൂൾസെറ്റായ ജെമിനി 2.5 പ്രോയുടെ ഒരു വർഷത്തെ സൗജന്യ സബ്സ്ക്രിപ്ഷൻ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പെർപ്ലെക്സിറ്റിയും തങ്ങളുടെ പ്രൊ വേർഷൻ സൗജന്യമായി നൽകുന്നത്.
പ്രതിവർഷം ഏകദേശം ₹17,000 വിലമതിക്കുന്ന ‘പെർപ്ലെക്സിറ്റി പ്രോ’ സബ്സ്ക്രിപ്ഷൻ മൊബൈൽ, ബ്രോഡ്ബാൻഡ്, ഡിടിഎച്ച് സേവനങ്ങളിലുടനീളം എയർടെൽ ഉപയോക്താക്കൾക്ക് സൗജന്യമായി ലഭിക്കും. പെർപ്ലെക്സിറ്റി പ്രോയിൽ GPT-4.1, Claude, Grok 4 പോലുള്ള AI മോഡലുകളിലേക്കുള്ള ആക്സസും ഉൾപ്പെടുന്നുണ്ട്. കൂടാതെ ഫയൽ അപ്ലോഡുകൾ, AI- പവർഡ് ഇമേജ് ജനറേഷൻ, ഡാഷ്ബോർഡുകൾ, ഡോക്യുമെന്റ് പാഴ്സിംഗ്, പരിമിതമായ API ആക്സസ് തുടങ്ങിയ സവിശേഷതകളും ഉൾപ്പെടുന്നു. ആൻഡ്രോയിഡ്, iOS, വിൻഡോസ്, മാക്, വെബ് ബ്രൗസറുകൾ എന്നിവയിൽ ഈ സേവനം ലഭ്യമാണ്.
ജൂണിൽ, ഇന്ത്യൻ കോളേജ് വിദ്യാർത്ഥികൾക്ക് സമാനമായ ആനുകൂല്യം ഗൂഗിൾ വാഗ്ദാനം ചെയ്തിരുന്നു. ജെമിനി 2.5 പ്രോ, ഡീപ് റിസർച്ച്, എഐ വീഡിയോ ജനറേറ്റർ Veo 3 എന്നിവയിലേക്കുള്ള സൗജന്യ ആക്സസ് ആണ് സ്റ്റുഡന്റ് ഐ ഡി കാർഡ് ഉണ്ടെങ്കിൽ വിദ്യാർഥികൾക്ക് ലഭിക്കുക.