എയര്‍ ഹോസ്റ്റസ് ഫ്ലാറ്റിനുള്ളില്‍ മരിച്ച നിലയില്‍; ഒരാള്‍ പൊലീസ് കസ്റ്റഡിയില്‍

news image
Sep 4, 2023, 10:37 am GMT+0000 payyolionline.in

മുംബൈ: എയര്‍ ഹോസ്റ്റസ് ട്രെയിനിയായ യുവതിയെ ഫ്ലാറ്റിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മുംബൈയിലെ അന്ധേരിയില്‍ കഴിഞ്ഞ ദിവസം വൈകുന്നേരമായിരുന്നു സംഭവം. ഛത്തീസ്ഗഡ് സ്വദേശിനിയായ രുപ ഒഗ്രെ ആണ് മരിച്ചത്. എയര്‍ ഇന്ത്യയില്‍ ട്രെയിനി എയര്‍ ഹോസ്റ്റസായി ജോലി ലഭിച്ചതിന് പിന്നാലെ ഇക്കഴിഞ്ഞ ഏപ്രില്‍ മാസത്തിലാണ് രുപ മുംബൈയില്‍ എത്തിയത്.

അന്ധേരിയിലെ ഒരു അപ്പാര്‍ട്ട്മെന്റില്‍ സഹോദരിക്കും ആണ്‍ സുഹൃത്തിനും ഒപ്പമാണ് യുവതി താമസിച്ചുവന്നിരുന്നത്. കൂടെ താമസിച്ചിരുന്ന എല്ലാവരും ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് നാട്ടിലേക്ക് പോയിരിക്കുകയായിരുന്നു. വീട്ടുകാര്‍ ഫോണില്‍ വിളിച്ചിട്ട് എടുക്കാതിരുന്നതോടെ സുഹൃത്തുക്കളെ ബന്ധപ്പെടുകയും അപ്പാര്‍ട്ട്മെന്റില്‍ പോയി അന്വേഷിക്കാന്‍ പറയുകയുമായിരുന്നു. സുഹൃത്തുക്കള്‍ എത്തിയപ്പോള്‍ ഫ്ലാറ്റ് അകത്തു നിന്ന് പൂട്ടിയ നിലയിലായിരുന്നു. തുടര്‍ന്നാണ് പൊലീസില്‍ വിവരമറിയിച്ചത്. പൊലീസ് സ്ഥലത്തെത്തി വാതില്‍ പൊളിച്ച് അകത്ത് കടന്നപ്പോള്‍ രുപ രക്തത്തില്‍ കുളിച്ച് കിടക്കുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും നേരത്തെ തന്നെ മരണപ്പെട്ടിരുന്നുവെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അപ്പാര്‍ട്ട്മെന്റിലെ സ്വീപ്പറായി ജോലി ചെയ്യുന്ന 40 വയസുകാരനാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. ഇയാളെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. വിക്രം അത്‍വാള്‍ എന്നയാളാണ് കസ്റ്റഡിയില്‍ ഉള്ളതെന്നും സംഭവത്തെക്കുറിച്ചുള്ള വിശദ വിവരങ്ങള്‍ അറിയാനായി അപ്പാര്‍ട്ട്മെന്റിലെ സിസിടിവി ക്യാമറകള്‍ പരിശോധിക്കുന്നുണ്ടെന്നും പൊലീസ് അറിയിച്ചു. വിശദമായ അന്വേഷണത്തിന് 12 സംഘങ്ങളെ നിയോഗിച്ചിട്ടുണ്ടെന്നും മുംബൈ പൊലീസ് അധികൃതര്‍ പറയുന്നു. വിക്രം അത്‍വാളിന്റെ ഭാര്യയും ഇതേ അപ്പാര്‍ട്ട്മെന്റില്‍ ഹൗസ് കീപ്പിങ് വിഭാഗത്തില്‍ ജോലി ചെയ്യുന്നുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി ഇവരെയും പൊലീസ് ചോദ്യം ചെയ്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe