ന്യൂഡൽഹി: എമ്പുരാൻ വിഷയത്തിൽ രാജ്യസഭയിലും ലോക്സഭയിലും അടിയന്തര പ്രമേയത്തിന് നോട്ടീസ്. രാജ്യസഭയിൽ ഡോ. ജോൺ ബ്രിട്ടാസ് എം.പിയും ലോക്സഭയിൽ ഹൈബി ഈഡനുമാണ് നോട്ടീസ് നൽകിയത്. രാജ്യത്ത് ആവിഷ്കാര സ്വാതന്ത്ര്യം അടിച്ചമർത്തുന്നുവെന്നും മൗലികാവകാശ ലംഘനമാണ് നടക്കുന്നതെന്നും ഡോ. ജോൺ ബ്രിട്ടാസ് എം.പി നോട്ടീസിൽ ചൂണ്ടിക്കാട്ടി. വിഷയം ചട്ടം 267 പ്രകാരം സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് ജോൺ ബ്രിട്ടാസ് അടിയന്തര പ്രമേയ നോട്ടീസിൽ ആവശ്യപ്പെട്ടു.
എമ്പുരാനെതിരെ സംഘ്പരിവാർ വിദ്വേഷ പ്രചാരണം നടത്തുകയാണെന്നും രാജ്യത്ത് ജനങ്ങൾ എന്ത് കാണണമെന്ന് തങ്ങൾ നിശ്ചയിക്കുമെന്ന നിലപാടാണ് അവരുടേതെന്നും ഹൈബി ഈഡൻ ചൂണ്ടിക്കാട്ടി. ഗുജറാത്ത് കലാപത്തിന്‍റെ യാഥാർഥ്യവും കേരളത്തെ വിഭാഗീയതയുണ്ടാക്കി അധികാരം പിടിക്കാനുള്ള സംഘപരിവാറിന്‍റെ അജണ്ടയുമാണ് സിനിമയിൽ തുറന്നുകാട്ടുന്നത്. ആവിഷ്കാര സ്വാതന്ത്രത്തിനെതിരായ ബി.ജെ.പി-സംഘ്പരിവാർ നീക്കത്തെ അനുവദിച്ചുകൊടുക്കാനാവില്ലെന്നും ഹൈബി ഈഡൻ പറഞ്ഞു.
നേരത്തെ, എമ്പുരാൻ സിനിമക്കെതിരെ സംഘ്പരിവാർ വിദ്വേഷപ്രചാരണം തുടരുമ്പോൾ സിനിമക്ക് ജോൺ ബ്രിട്ടാസ് എം.പി പിന്തുണയുമായെത്തിയിരുന്നു. സമഗ്രാധികാരം കൈവശമുള്ള ഒരു പ്രത്യയശാസ്ത്രവും ഭരണസംവിധാനവും ഒരു സിനിമയ്‌ക്കെതിരെ സട കുടഞ്ഞെഴുന്നേൽക്കുമ്പോൾ അതിന്റെ മാനം വലുതാണെന്ന് അദ്ദേഹം പറഞ്ഞു. രണ്ടായിരത്തോളം മുസ്‌ലിംകൾ ഗുജറാത്തിൽ കൂട്ടക്കൊല ചെയ്യപ്പെട്ടു, അവരെല്ലാം ഫ്ലൂ വന്നാണ് മരിച്ചതെന്ന് ആർക്കും പറയാൻ ആവില്ലല്ലോ. ഇന്ത്യൻ ചരിത്രത്തിലെ ഇരുണ്ട അധ്യായമാണ് അതെന്നും ജോൺ ബ്രിട്ടാസ് എം.പി ഫേസ്ബുക് പോസ്റ്റിൽ പറഞ്ഞിരുന്നു.
വിവാദങ്ങൾക്കിടെ 200 കോടി ക്ലബിൽ കടന്നിരിക്കുകയാണ് എമ്പുരാൻ. 200 കോടിയെന്ന കടമ്പ എമ്പുരാൻ മറികടന്നുവെന്ന് മോഹൻലാലും പൃഥ്വിരാജും ഫേസ്ബുക്കിൽ കുറിച്ചു. റിലീസ് ചെയ്ത് അഞ്ച് ദിവസമാകുമ്പോഴാണ് ചിത്രം 200 കോടിയെന്ന നേട്ടത്തിലെത്തിയത്.
എമ്പുരാനെതിരെ സംഘ്പരിവാർ വിദ്വേഷ പ്രചാരണം കടുപ്പിച്ചതോടെ സിനിമയുടെ എഡിറ്റ് ചെയ്ത പതിപ്പാകും വരുംദിവസങ്ങളിൽ തിയറ്ററിലെത്തുക. റീസെൻസർ ചെയ്ത പതിപ്പിൽ സിനിമയിലെ 17 ഇടത്താണ് വെട്ടിത്തിരുത്തൽ നടത്തിയത്. പ്രധാന വില്ലന്‍റെ പേര് ‘ബജ്റംഗി’ എന്നത് ‘ബൽരാജ്’ എന്നാക്കി മാറ്റി. 18 ഇടങ്ങളിൽ പേരുമാറ്റി ഡബ്ബ് ചെയ്തു. ഗർഭിണിയായ സ്ത്രീയെ അക്രമികൾ ബലാത്സംഗം ചെയ്യുന്ന ദൃശ്യങ്ങൾ ഒഴിവാക്കി. ഗുജറാത്ത് കലാപത്തെ സംബന്ധിച്ച ചില ദൃശ്യങ്ങളും ഒഴിവാക്കി. എൻ.ഐ.എ ലോഗോ ഒഴിവാക്കി. വില്ലൻ കഥാപാത്രം കേന്ദ്ര ആഭ്യന്തരമന്ത്രിയെ വിളിക്കുന്നതായി പരാമർശിക്കുന്ന രംഗവും ഒഴിവാക്കിയതിലുൾപ്പെടും.