ബംഗളൂരു: മലയാളികൾ ഏറെ കാത്തിരുന്ന സ്റ്റീഫൻ നെടുമ്പള്ളിയുമായി എമ്പുരാൻ നാളെ തീയേറ്ററുകളിൽ എത്തുകയാണ്. സസ്‌പെൻസുകൾ ഒളിപ്പിച്ച ചിത്രം ആദ്യ ഷോയിൽ തന്നെ കാണാൻ തിരക്കുകൂട്ടുകയാണ് മലയാളികൾ.
ഇപ്പോഴിതാ മോഹൻലാലിന്റെ ചിത്രം ആദ്യ ദിവസം തന്നെ കാണാൻ ഒരു കോളേജ് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. ബംഗളൂരുവിലെ ഗുഡ് ഷെപ്പേഡ് കോളേജിലെ അഞ്ഞൂറോളം വിദ്യാർത്ഥികളും അദ്ധ്യാപകരുമാണ് ഫസ്റ്റ് ഷോ കാണാൻ നാളെ തീയേറ്ററുകളിലേക്ക് എത്തുന്നത്.
എമ്പുരാൻ കാണുന്നതിന് വേണ്ടി മാത്രമായിട്ടാണ് കോളേജ് അവധി പ്രഖ്യാപിച്ചതെന്ന് വിദ്യാർത്ഥികൾ പറഞ്ഞു. ആദ്യമായിട്ടാണ് സിനിമ കാണാൻ വേണ്ടി കോളേജിന് അവധി പ്രഖ്യാപിച്ചത്. ഞങ്ങൾ എല്ലാവരും മോഹൻലാലിന്റെ ഫാനാണ്. ആദ്യമായിട്ടാണ് ഒരു മോഹൻലാൽ ചിത്രത്തിന് റിലീസ് ദിവസം പോകുന്നതെന്ന് വിദ്യാർത്ഥികൾ പറഞ്ഞു. മലയാളികളെ കൂടാതെ കന്നഡ വിദ്യാർത്ഥികളും എമ്പുരാൻ കാണാൻ തീയേറ്ററുകളിലേക്ക് പോകുന്നുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗത്ത് നിന്നുള്ള വിദ്യാർത്ഥികൾ പഠിക്കുന്ന കോളേജാണ് ഇത്.
ആദ്യമായിട്ടാണ് ഒരു മലയാളം ചിത്രം കാണാൻ പോകുന്നതെന്ന് ഡൽഹിയിൽ നിന്നുള്ള ഒരു വിദ്യാർത്ഥി പറഞ്ഞു. മോഹൻലാൽ എന്ന നടനെക്കുറിച്ച് സുഹൃത്തുക്കൾ പറഞ്ഞത് കേട്ടിട്ടുണ്ട്. അദ്ദേഹം മികച്ച നടനാണെന്നാണ് പറയുന്നത്. അതുകൊണ്ട് സിനിമ റിലീസ് ദിവസം കാണുന്നതിൽ വളരെ എക്‌സൈറ്റഡാണെന്ന് വിദ്യാർത്ഥിനി പറഞ്ഞു.