ഇന്നലെ തിയറ്ററുകളിലെത്തിയ മോഹന്‍ലാല്‍ ചിത്രം എമ്പുരാന്‍റെ വ്യാജ പതിപ്പ് പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടിയുമായി സൈബര്‍ പൊലീസ്. ചില വെബ്സൈറ്റുകളിൽ എമ്പുരാന്‍ സിനിമയുടെ ചില ഭാഗങ്ങൾ പൊലിസ് നീക്കം ചെയ്തു. ഇവ ഡൗൺലോഡ് ചെയ്തവരെയും കണ്ടെത്തി. പരാതി ലഭിച്ചാൽ ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടിയുണ്ടാക്കുമെന്ന് സൈബർ എസ് പി അങ്കിത് അശോക് പറഞ്ഞു. പരാതി ലഭിക്കാതെയും വ്യാജ പതിപ്പുകള്‍ പ്രചരിപ്പിക്കുന്ന സൈറ്റുകൾ ബ്ലോക്ക് ചെയ്തു തുടങ്ങിയെന്നും എസ് പി അറിയിച്ചു.
പൃഥ്വിരാജിന്‍റെ സംവിധാന അരങ്ങേറ്റ ചിത്രമായിരുന്ന 2019 ല്‍ പുറത്തിറങ്ങിയ ലൂസിഫറിന്‍റെ രണ്ടാം ഭാഗമാണ് എമ്പുരാന്‍. അക്കാരണത്താല്‍ തന്നെ സമീപകാലത്ത് മലയാളത്തില്‍ നിന്നുള്ള ഏറ്റവും വലിയ പ്രീ റിലീസ് ഹൈപ്പ് ലഭിക്കുന്ന സിനിമയായും ഇത് മാറിയിരുന്നു. ആശിര്‍വാദ് സിനിമാസും ശ്രീ ഗോകുലം മൂവീസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഖുറേഷി അബ്രാം/ സ്റ്റീഫൻ നെടുമ്പള്ളി എന്ന പ്രധാന കഥാപാത്രമായി മോഹൻലാൽ അഭിനയിക്കുന്ന ചിത്രത്തിൽ പൃഥ്വിരാജ്, മഞ്ജു വാര്യർ, ടൊവിനോ തോമസ്, ഇന്ദ്രജിത് സുകുമാരൻ, സുരാജ് വെഞ്ഞാറമൂട്, ജെറോം ഫ്ലിൻ, ബൈജു , സായ്‌കുമാർ, ആൻഡ്രിയ ടിവാടർ, അഭിമന്യു സിങ്, സാനിയ ഇയ്യപ്പൻ, ഫാസിൽ, സച്ചിൻ ഖഡ്കർ, നൈല ഉഷ, ജിജു ജോൺ, നന്ദു, മുരുകൻ മാർട്ടിൻ, ശിവജി ഗുരുവായൂർ, മണിക്കുട്ടൻ, അനീഷ് ജി മേനോൻ, ശിവദ, അലക്സ് ഒനീൽ, എറിക് എബണി, കാർത്തികേയ ദേവ്, മിഹയേല് നോവിക്കോവ്, കിഷോർ, സുകാന്ത്, ബെഹ്‌സാദ് ഖാൻ, നിഖാത് ഖാൻ, സത്യജിത് ശർമ്മ, നയൻ ഭട്ട്, ശുഭാംഗി, ജൈസ് ജോസ് തുടങ്ങി വമ്പൻ താരനിരയാണ് അണിനിരക്കുന്നത്. ഗെയിം ഓഫ് ത്രോൺസിലൂടെ ലോക പ്രശസ്തനായ ജെറോം ഫ്‌ളിന്നിന്റെ സാന്നിധ്യം താരനിരയ്ക്ക് നൽകിയത് ഒരു ഇന്റർനാഷണൽ അപ്പീലാണ്.