എന്റെ ആരാധകർക്ക്..; പാൻ- ഇന്ത്യൻ ചിത്രം ‘വൃഷഭ’ തിയറ്ററുകളിലേക്ക്, വരവറിയിച്ച് മോഹൻലാൽ

news image
May 21, 2025, 2:38 pm GMT+0000 payyolionline.in

മോഹൻലാൽ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ‘വൃഷഭ’യുടെ റിലീസ് തിയതി പുറത്ത്. തന്റെ പിറന്നാളിനോട് അനുബന്ധിച്ച് മോഹൻലാൽ തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ചിത്രം 2025 ഒക്ടോബർ 16ന് തിയറ്ററുകളിൽ എത്തും. ഒപ്പം പുതിയ പോസ്റ്ററും മോഹൻലാൽ റിലീസ് ചെയ്തിട്ടുണ്ട്. തന്റെ ആരാധകർക്കായി ഈ ചിത്രം സമർപ്പിക്കുന്നുവെന്ന് കുറിച്ചാണ് വൃഷഭയുടെ റിലീസ് വിവരം മോഹൻലാൽ പങ്കുവച്ചത്. ഈ വര്‍ഷം ഫെബ്രുവരിയില്‍ ആയിരുന്നു വൃഷഭയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്. മുംബൈയില്‍ ആയിരുന്നു അവസാന ഷെഡ്യൂള്‍.

 

നന്ദകിഷോർ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രം തെലുങ്ക്, മലയാളം, ഹിന്ദി, തമിഴ്, കന്നഡ എന്നീ അഞ്ച് ഭാഷകളിൽ റിലീസിനെത്തും.  വലിപ്പം, ആകർഷകമായ കഥപറച്ചിൽ, താരനിര എന്നിവ കൊണ്ട് വലിയ ശ്രദ്ധ നേടുന്ന ഈ ചിത്രം, ആക്ഷൻ, വൈകാരികത, ഭാരതീയ പുരാണ കഥ എന്നിവയുടെ സവിശേഷമായ സംയോജനത്തോടെ പ്രേക്ഷകരെ നാടകീയമായ സംഭവവികാസങ്ങളുടേയും വിസ്‍മയകരമായ ദൃശ്യങ്ങളുടെയും ലോകത്തേക്ക് എത്തിക്കുകയാണ് ലക്ഷ്യമിടുന്നത്. മോഹൻലാലിനൊപ്പം ഒട്ടേറെ മികച്ച അഭിനേതാക്കളും അണിനിരക്കുന്ന ചിത്രം, മികച്ച ആക്ഷൻ രംഗങ്ങൾ കൊണ്ടും ഗംഭീര ഛായാഗ്രഹണം കൊണ്ടും സാങ്കേതികമായി പ്രേക്ഷകർക്ക് അതിശയകരമായ കാഴ്ച വാഗ്ദാനം ചെയ്യുന്നു.

ഇന്ത്യയിലുടനീളവും വിദേശ വിപണികളിലും ചിത്രം ബോക്സ് ഓഫീസിൽ വലിയ ചലനം സൃഷ്‌ടിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ശോഭ കപൂർ, ഏക്താ ആർ കപൂർ, സികെ പത്മകുമാർ, വരുൺ മാത്തൂർ, സൌരഭ് മിശ്ര, അഭിഷേക് വ്യാസ്, വിശാൽ ഗുർനാനി, ജൂഹി പരേഖ് മേത്ത എന്നിവർ ചേർന്ന് നിർമ്മിച്ച വൃഷഭ, ഇന്ത്യൻ സിനിമയിലെ ഇതിഹാസ തുല്യമായ കഥപറച്ചിലിനെ പുനർനിർവചിക്കാൻ പാകത്തിനാണ് ഒരുക്കുന്നത്. മുമ്പ് കണ്ടതിൽ നിന്ന് വ്യത്യസ്‍തമായ ഒരു ഇതിഹാസ ദൃശ്യാനുഭവം തന്നെ വൃഷഭയില്‍ പ്രതീക്ഷിക്കാം എന്നും അണിയറ പ്രവർത്തകർ ഉറപ്പ് നൽകുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe