എഡിഎം നവീൻ ബാബുവിൽ നിന്ന് ഇന്നലെ വിജിലൻസ് മൊഴിയെടുത്തു; ജീവനൊടുക്കിയത് യാത്രയയപ്പ് യോഗത്തിലെ വേഷത്തിൽ

news image
Oct 15, 2024, 11:35 am GMT+0000 payyolionline.in

കണ്ണൂർ: കണ്ണൂരിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ എഡിഎം നവീൻ ബാബുവിൽ നിന്ന് ഇന്നലെ വിജിലൻസ് മൊഴിയെടുത്തതായി വിവരം. കണ്ണൂരിലെ ഓഫീസിലെത്തിയാണ് വിജിലൻസ് ഡിവൈഎസ്പി വിവരങ്ങൾ അന്വേഷിച്ചത്. പെട്രോൾ പമ്പിന് അനുമതി നൽകാൻ കൈക്കൂലി വാങ്ങിയെന്ന പരാതിയുടെ അടിസ്ഥാനത്തിൽ പ്രാഥമിക പരിശോധനയാണ് നടത്തിയതെന്ന് വിജിലൻസ് അധികൃതർ പറയുന്നു. ഇതിന് ശേഷം വൈകിട്ട് നടന്ന യാത്രയയപ്പ് യോഗത്തിലാണ് ജില്ലാ പഞ്ചായത്ത് അധ്യക്ഷ പിപി ദിവ്യ അഴിമതി ആരോപണം ഉന്നയിച്ചത്. പരിപാടിക്ക് ശേഷം വീട്ടിലേക്ക് മടങ്ങിയ നവീൻ ബാബു വസ്ത്രം മാറിയില്ലെന്നാണ് പൊലീസ് പരിശോധനയിൽ വ്യക്തമായത്. തീൻ മുറിയിലാണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്.

നവീൻ ബാബുവിന്റെ മൃതദേഹത്തിൽ നിന്നോ വീട്ടിൽ നിന്നോ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടില്ലെന്ന് കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ അജിത് കുമാർ വ്യക്തമാക്കിയിരുന്നു. അന്വേഷണം ആദ്യ ഘട്ടത്തിലാണ്. ഇതുവരെ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടില്ല. വീട്ടിലുണ്ടായിരുന്ന സാധനങ്ങൾ അന്വേഷണത്തിനായി കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. അത് പരിശോധിച്ച ശേഷം മാത്രമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാകൂ. തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയതെന്നും പൊലീസ് കമ്മീഷണർ അജിത് കുമാർ വ്യക്തമാക്കി.

നവീൻ ബാബുവിൻ്റെ മരണം ഗൗരവത്തോടെ കാണുന്നുവെന്ന് സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു പറഞ്ഞു. കൃത്യമായ അന്വേഷത്തിലൂടെ ആവശ്യമായ നടപടികൾ സ്വീകരിക്കും. മാതൃകാപരമായ ഔദ്യോഗിക ജീവിതം നയിച്ച ആളാണ് നവീൻ ബാബുവെന്നും ഫേസ്ബുക്ക് കുറുപ്പിൽ സിപിഎം നേതാവ് പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe