കൊച്ചി: എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐയ്ക്ക് കേസ് കൈമാറാത്തതിന്റെ കാരണങ്ങൾ നിരത്തി കോടതി. സുതാര്യമായ അന്വേഷണം നടക്കില്ലെന്ന ആശങ്ക മാത്രം കണക്കിലെടുത്ത് കേസ് സിബിഐക്ക് കൈമാറാനാകില്ല. പരാതിക്കാരിയുടെ ആശങ്കയ്ക്ക് കഴമ്പുണ്ടാകണം. സാങ്കൽപികമാകാൻ പാടില്ല. സംസ്ഥാന പൊലീസ് അന്വേഷണം വഴിതെറ്റിയെന്ന് വസ്തുതകളുടെ അടിസ്ഥാനത്തിൽ സ്ഥാപിക്കാനായില്ല. ഈ സാഹചര്യത്തിൽ കേസ് കൈമാറിയാൽ പൊതുസമൂഹത്തിൽ തെറ്റായ ധാരണ ഉണ്ടാക്കാൻ ഇടയാക്കും. നിയമ സംവിധാനത്തെപ്പറ്റിയും അന്വേഷണ ഏജൻസികളെപ്പറ്റിയും തെറ്റായ ധാരണ പരത്താൻ ഇത് കാരണമാകും. ഹർജിക്കാരിക്ക് എതെങ്കിലും അന്വേഷണ ഉദ്യോഗസ്ഥരെപ്പറ്റി പരാതിയില്ലെന്നും സിബിഐ അന്വേഷണം ആവശ്യപ്പെട്ട് എഡിമ്മിന്റെ ഭാര്യ നൽകിയ ഹർജി തള്ളിക്കൊണ്ടുള്ള ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു.
ജസ്റ്റീസ് പി ബി സുരേഷ് കുമാർ, ജസ്റ്റീസ് ജോബിൻ സെബാസ്റ്റ്യൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഭാര്യ മഞ്ജുഷയുടെ അപ്പീൽ തളളിയത്. സിബിഐ അന്വേഷണമെന്ന ആവശ്യം നേരത്തെ സിംഗിൾ ബെഞ്ചും നിരസിച്ചിരുന്നു. നവീൻ ബാബുവന്റേത് കൊലപാതകമാണ്, പൊലീസ് ഇക്കാര്യം അന്വേഷിക്കുന്നില്ല, സിപിഎം നേതാക്കളായ പ്രതികളെ സംസ്ഥാന സർക്കാർ സംരക്ഷിക്കുകയാണ്, അന്വേഷണം നിശ്ചലമാണ്, തെളിവുകൾ ശേഖരിക്കുന്നില്ല എന്നിവയായിരുന്നു ഹർജിയിലെ പ്രധാന ആക്ഷേപങ്ങൾ. നവീൻ ബാബുവിന്റേത് ആത്മഹത്യയാണെന്നും കൊലപാതകമെന്ന കുടുംബത്തിന്റെ ആശങ്ക പരിശോധിക്കുമെന്നും സംസ്ഥാന സർക്കാർ അറിയിച്ചിരുന്നു. പൊലീസ് അന്വേഷണം സുതാര്യമാണെന്നും തെളിവുശേഖരണം നടത്തിയെന്നും പ്രോസിക്യൂഷൻ നിലപാടെടുത്തു. സംസ്ഥാന സർക്കാരിന്റെ ഈ വാദം അംഗീകരിച്ചാണ് സിബിഐ അന്വേഷണം വേണ്ടെന്ന തീരുമാനത്തിലേക്ക് ഡിവിഷൻ ബെഞ്ച് എത്തിയത്