ശ്രീനഗർ: കശ്മീർ നിയന്ത്രണ രേഖയിൽ തുടർച്ചയായി പാക് പ്രകോപനം. കുപ്‍വാര, ബാരാമുള്ള, പൂഞ്ച്, നൌഷാര, അഖ്നൂർ എന്നിവിടങ്ങളിൽ പാകിസ്താൻ വെടിവെപ്പു നടത്തി. തൊട്ടുപിന്നാലെ ഇന്ത്യയും തിരിച്ചടിച്ചു. തുടർച്ചയായി എട്ടാം ദിനമാണ് പ്രകോപനമില്ലാതെ പാകിസ്താൻ സൈന്യം വെടിയുതിർക്കുന്നത്.
നിയന്ത്രണ രേഖയിൽ പാകിസ്താൻ തുടർച്ചയായി വെടിനിർത്തൽ കരാർ ലംഘിക്കുകയാണ്. ഉറി, അഖ്നുർ, കുപ് വാര എന്നിവിടങ്ങളക്‍ലായിരുന്നു കഴിഞ്ഞ ദിവസം പാക് പ്രകോപനം ഉണ്ടായിരുന്നത്.
അതേസമയം പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ തുടർ നടപടികൾ ചർച്ച ചെയ്യാൻ ഇന്നും നിർണായക യോഗങ്ങൾ തുടരും. നിലവിലെ സാഹചര്യം പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായും വിലയിരുത്തും. കേന്ദ്ര മന്ത്രിസഭ യോഗത്തിന് ശേഷവും പ്രധാനമന്ത്രി കരസേന മേധാവിയുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. തുടര്‍ച്ചയായി വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നതില്‍ പാകിസ്താനെ അതൃപ്തി അറിയിച്ച സാഹചര്യത്തില്‍ തുടര്‍നീക്കങ്ങള്‍ ഇന്ത്യ നിരീക്ഷിക്കുകയാണ്.
സംഘർഷ സ്ഥിതി പരിഹരിക്കാൻ ഇടപെടണമെന്ന് പാകിസ്താൻ പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫ് അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയയോട് ആവശ്യപ്പെട്ടിട്ടുണ്ട് എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. പഹൽഗാം ഭീകരാക്രമണത്തിനുശേഷം ഇന്ത്യ പാകിസ്താനെതിരെ കർശന നിലപാട് തുടരുന്ന സാഹചര്യത്തിലാണ് പാകിസ്താൻ ലോക രാജ്യങ്ങളുടെ സഹായം തേടുന്നത്.