കണ്ണൂർ∙ റോഡിലൂടെ നടന്നുപോയ ഗോവിന്ദച്ചാമിയെ തിരിച്ചറിഞ്ഞതും പിന്തുടർന്നതും വിനോജ് എന്ന വ്യക്തിയാണ്. രാവിലെ ഓഫിസിലേക്ക് പോകുന്ന വഴിക്കാണ് സംശയാസ്പദമായ രീതിയിൽ നടന്നുപോകുകയായിരുന്ന ഗോവിന്ദച്ചാമിയെ വിനോജ് തിരിച്ചറിഞ്ഞത്.
ജയിലിൽ നിന്ന് നാല് കിലോമീറ്റർ അകലെ തളാപ്പ് മേഖലയിൽ വച്ചാണ് ഗോവിന്ദച്ചാമിയെ കണ്ടത്.
‘‘രാവിലെ ഒൻപത് മണിയോടെയായിരുന്നു സംഭവം. റോഡിലൂടെ സ്പീഡ് കുറച്ച് നടന്നുപോകുന്നതാണ് കണ്ടത്. തലയിൽ തുണി വച്ച് കയ്യ് അതിലേക്ക് കയറ്റി വച്ച നിലയിലായിരുന്നു. സംശയം തോന്നിയതോടെ ഒരു ഓട്ടോഡ്രൈവറുടെ കൂടി സഹായത്തോടെ അവനെ 15 മീറ്ററോളം പിന്തുടർന്നു. പതുക്കെ അവൻ നടത്തത്തിന്റെ സ്പീഡ് കൂട്ടി. ‘എടാ ഗോവിന്ദച്ചാമീ’ എന്ന് ഞാൻ വിളിച്ചു. ഉടൻ റോഡ് ക്രോസ് ചെയ്ത് സമീപത്തെ പോക്കറ്റ് റോഡിലേക്ക് അവൻ ഓടി. പിന്നെ മതിൽ ചാടി കടന്നുകളഞ്ഞു. ഉടൻ കണ്ണൂർ ടൗൺ പൊലീസിന് വിവരം നൽകി. 5 മിനിറ്റിൽ പൊലീസ് എത്തി. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും നോക്കി ഗോവിന്ദച്ചാമിയാണെന്ന് ഉറപ്പിച്ചിരുന്നു.’’ – വിനോജ് പറഞ്ഞു.