ദില്ലി: രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ എച്ച്‌ഡിഎഫ്‌സി ബാങ്കിനും പൊതുമേഖലാ ബാങ്കായ പഞ്ചാബ് & സിന്ധ് ബാങ്കിനും പിഴ ചുമത്തി റിസർവ് ബാങ്ക്. കെവൈസി (‘നിങ്ങളുടെ ഉപഭോക്താവിനെ അറിയുക) ശേഖരിക്കുന്നതിൽ ആർബിഐയുടെ നിർദേശങ്ങൾ കൃത്യമായി പാലിക്കാൻ കഴിയാത്തതിനാണ് പിഴ ചുമത്തിയത്. എച്ച്‌ഡിഎഫ്‌സി ബാങ്കിന് 75 ലക്ഷം രൂപയാണ് പിഴയായി ചുമത്തിയതെന്ന് ആർബിഐയുടെ പ്രസ്താവനയിൽ പറയുന്നു.
ബാങ്ക്, കൈവൈസി നിർദേശങ്ങൾ പാലിക്കാത്തതുകൊണ്ട്, 1949 ലെ ബാങ്കിംഗ് റെഗുലേഷൻ ആക്ടിലെ സെക്ഷൻ 47 എ (1)(സി) സെക്ഷൻ 46(4)(ഐ) എന്നീ വ്യവസ്ഥകൾ പ്രകാരം ആർബിഐക്ക് നൽകിയിട്ടുള്ള അധികാരങ്ങൾ ഉപയോഗിച്ചാണ് ഈ പിഴ ചുമത്തിയിരിക്കുന്നതെന്ന് ആർബിഐയുടെ കുറിപ്പിൽ പറയുന്നു.
അതേസമയം, സിആർഐഎൽസി നിയമങ്ങളുടെ ചില നിർദ്ദേശങ്ങൾ പാലിക്കാത്തതിനാണ് പഞ്ചാബ് & സിന്ധ് ബാങ്കിന് ആർബിഐ പിഴ ചുമത്തിയിരിക്കുന്നത്. 68.20 ലക്ഷം രൂപയാണ് പിഴ തുക. എല്ലാ വായ്പക്കാരുടെയും വായ്പകളുടെയും വിവരങ്ങൾ ശേഖരിക്കുന്നതിനും സൂക്ഷിക്കുന്നതിനും വേണ്ടിയാണ് ആർബിഐ സിആർഐഎൽസി രൂപീകരിച്ചത്.
റിസർവ് ബാങ്കിന്റെ നിർദേശങ്ങൾ പാലിക്കാതിരുന്നപ്പോൾ പിഴ ചുമത്തുന്നതിന് മുൻപ് ബാങ്കുകൾക്ക് ആർബിഐ കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. മറുപടി തൃപ്തികരമല്ലാത്തതുകൊണ്ടാണ് പിഴ ചുമത്തിയത് എന്ന് ആർബിഐ വ്യക്തമാക്കിയിട്ടുണ്ട്.