എക്സ്പോസാറ്റ് വിക്ഷേപണം വിജയം: അറുപതാം ദൗത്യത്തിന്റെ അഭിമാനത്തിൽ ഐഎസ്ആർഒ

news image
Jan 1, 2024, 7:50 am GMT+0000 payyolionline.in

ശ്രീഹരിക്കോട്ട: അറുപതാം ദൗത്യത്തിലും വിശ്വാസം കാത്ത് ഐഎസ്ആർഒ. എക്സ്പോസാറ്റ് വിക്ഷേപണം വിജയകരമായി പൂർത്തിയാക്കി. പ്രപഞ്ചരഹസ്യങ്ങൾ തേടിയുളള ഉപ​ഗ്രഹമാണ് എക്സ്പോസാറ്റ്. എക്സ്റേ തരം​ഗങ്ങളിലൂടെ തമോ​ഗർത്തങ്ങളുടെ അടക്കം പഠനമാണ് ലക്ഷ്യമാക്കുന്നത്. ഒപ്പം മലയാളി വിദ്യാർത്ഥികളുടെ വീസാറ്റും ബഹിരാകാശത്തേക്ക് എത്തി. തിരുവനന്തപുരം വനിത കോളേജ് വിദ്യാർത്ഥികളുടെ പരീക്ഷണമാണ് വീസാറ്റ്. ശ്രീഹരിക്കോട്ടയിൽ നിന്ന് രാവിലെ 9.10 നായിരുന്നു  വിക്ഷേപണം.  ഇന്ത്യയുടെ ആദ്യ എക‍്‍സ് റേ പൊളാരിമെറ്ററി ഉപഗ്രഹമാണിത്.

എക്സ് റേ തരംഗങ്ങളുടെ പഠനത്തിലൂടെ പ്രപഞ്ചത്തിലെ വ്യത്യസ്ത പ്രകാശ സ്ത്രോതസ്സുകളെ അടുത്തറിയുകയാണ് ലക്ഷ്യം. പോളിക്സ്, എക്സ്പെക്റ്റ് എന്നീ രണ്ട് പേ ലോഡുകളാണ് എക്സ്പോസാറ്റിൽ ഉള്ളത്. ബെംഗളൂരു രാമൻ റിസ‍ർച്ച് ഇൻസ്റ്റിറ്റ്യൂട്ടാണ് പോളിക്സ് വികസിപ്പിച്ചത്. അഞ്ച് വർഷമാണ് എക്സ്പോസാറ്റിന്റെ പ്രവർത്തന കാലാവധി. ഐഎസ്ആർഒയുടെ എറ്റവും വിശ്വസ്തനായ വിക്ഷേപണ വാഹനത്തിന്റെ അറുപതാം വിക്ഷേപണ കൂടിയാണിത്.

എക്സ്പോസാറ്റ് വിക്ഷേപണം കൊണ്ട് മാത്രം പിഎസ്എൽവിയുടെ ജോലി പൂർത്തിയാകില്ല. പത്ത് പരീക്ഷണണങ്ങളുമായി റോക്കറ്റിന്റെ നാലാം ഘട്ടം ബഹിരാകാശത്ത് തുടരും. തിരുവനന്തപുരത്തെ എൽബിഎസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ഫോർ വിമനിലെ വിദ്യാർത്ഥിനികൾ നിർമ്മിച്ച വീസാറ്റ് അതിലൊന്നാണ്. തിരുവനന്തപുരം വിഎസ്എസ്‍സിയും എൽപിഎസ്‍സിയും ചേർന്ന് വികസിപ്പിച്ച ഫ്യുവൽ സെൽ പവർ സിസ്റ്റമാണ് മറ്റൊരു നിർണായക പരീക്ഷണം. പുതു വർഷത്തിൽ ഒരു ഗംഭീര തുടക്കമാണ് ഇസ്രൊയുടെ ലക്ഷ്യം. ഒരു ജിഎസ്എൽവി വിക്ഷേപണം കൂടി ഈ മാസം തന്നെ നടക്കും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe