‘എക്സിറ്റ് പോളുകളിൽ വിശ്വാസമില്ല, ജനങ്ങളിലാണ് വിശ്വാസം’: ജെയ്ക് സി തോമസ്

news image
Sep 7, 2023, 4:08 am GMT+0000 payyolionline.in

കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞടുപ്പിൽ എക്സിറ്റ് പോളുകളിൽ വിശ്വാസമില്ലെന്ന് എൽഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസ്. ജനങ്ങളിലാണ് വിശ്വാസമെന്നും എക്സിറ്റ് പോളുകളെ മുഖവിലക്കെടുക്കുന്നില്ലെന്നും ജെയ്ക് സി തോമസ്  പറഞ്ഞു. എൽഡിഎഫിന്‍റെ അടിയുറച്ച വോട്ടുകൾ പൂർണമായി പോൾ ചെയ്തു. ബിജെപി വോട്ട് ചോർച്ച 2021 മുതലേ ഉണ്ടെന്നും ജെയ്ക് പ്രതികരിച്ചു. ബിജെപിയുടെ വോട്ടിൽ വലിയ ഇടിവുണ്ടായി. ക്രോസ് വോട്ടിംഗ് നടന്നെങ്കിൽ ബിജെപിയുടെ വോട്ട് ആർക്ക് പോയെന്ന് ഊഹിക്കാം. ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ടെന്നും ജയത്തിൽ പൂർണ വിശ്വാസമുണ്ടെന്നും ജെയ്ക് സി തോമസ് കൂട്ടിച്ചേർത്തു.പുതുപ്പള്ളിയിലെ വിധി അറിയാൻ ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കിയുള്ളത്. നാളെ രാവിലെ 8 മണിക്ക് വോട്ടെണ്ണൽ ആരംഭിക്കും. ആവേശകരമായ പ്രചാരണം നടന്ന മണ്ഡലത്തിൽ തികഞ്ഞ വിജയ പ്രതീക്ഷയിലാണ് യുഡിഎഫ്. ചാണ്ടി ഉമ്മന്‍റെ ജയം പ്രവചിക്കുന്ന എക്സിറ്റ് പോൾ പ്രവചനങ്ങൾ യുഡിഎഫ് ക്യാന്പിന്റെ ആവേശം ഇരട്ടിപ്പിക്കുന്നുണ്ട്.

യുഡിഎഫിന് മികച്ച ജയമുണ്ടാകുമെന്ന് ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോള്‍ പ്രവചിക്കുന്നത്. ആകെ പോൾ ചെയ്തതിന്റെ 53 ശതമാനം വോട്ട് നേടി ചാണ്ടി ഉമ്മൻ ജയിക്കുമന്നാണ് സർവ്വേ ഫലം. ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോള്‍ പ്രകാരം യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന് 53 ശതമാനം വോട്ട് കിട്ടും. എൽഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസിന് 39 ശതമാനം വേട്ടും ബിജെപി സ്ഥാനാര്‍ത്ഥി ലിജിൻ ലാലിന് അഞ്ച് ശതമാനം വോട്ടും കിട്ടുമെന്നാണ് പ്രവചനം. മറ്റുള്ളവര്‍ 3 ശതമാനം വോട്ട് നേടുമെന്നും ആക്സിസ് മൈ ഇന്ത്യ പ്രവചിക്കുന്നു.

 

 

1,31,026 വോട്ടാണ് ഉപതെരഞ്ഞെടുപ്പിൽ പോള്‍ ചെയ്തത്. എക്സിറ്റ് പോളിന്റെ ശതമാന കണക്ക് അനുസരിച്ച യുഡിഎഫിന്  69,443 വോട്ടും എൽഡിഎഫിന് 51,100 വോട്ടും ബിജെപി 6551 വോട്ടും കിട്ടും. ചാണ്ടി ഉമ്മന് 18,000 ല്‍ അധികം ഭൂരിപക്ഷം കിട്ടാന്‍ സാധ്യയുടെന്നും ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോള്‍ പ്രവചിക്കുന്നു. പുരുഷ വോട്ടര്‍മാരില്‍ 50 ശതമാനം പേരും സ്ത്രീ വോട്ടര്‍മാരില്‍ 56 ശതമാനം പേരും യുഡിഎഫിന് വോട്ട് ചെയ്തെന്നാണ് എക്സിറ്റ് പോള്‍ കണ്ടെത്തൽ. ഇടത് മുന്നണിക്ക് പുരുഷ വോട്ടര്‍മാരില്‍ 41 ശതമാനത്തിന്റെയും സ്ത്രീ വോട്ടര്‍മാരില്‍ 37 ശതമാനത്തിന്റെയും പിന്തുണ കിട്ടിയെന്നും എക്സിറ്റ് പോള്‍ കണക്കുകള്‍ പറയുന്നു. വിവിധ ബൂത്തുകളിൽ വോട്ട് ചെയ്തിറങ്ങിയ 509 വോട്ടര്‍മാരെ നേരിട്ട് കണ്ടാണ് ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോള്‍ തയ്യാറാക്കിയത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe