കൊച്ചി: സി.പി.ഐ.എം മുതിര്‍ന്ന നേതാവ് എം.എം ലോറന്‍സിന്റെ മൃതദേഹം മതാചാര പ്രകാരം സംസ്‌കരിക്കാന്‍ അനുമതി തേടി മകൾ നല്‍കിയ ഹരജിയില്‍ ഹൈകോടതി വിധി ഇന്ന് . എം.എം ലോറന്‍സിന്റെ മൂന്ന് മക്കളില്‍ ഒരാളായ ആശ ലോറന്‍സ് നല്‍കിയ ഹരജിയിലാണ് ജസ്റ്റിസ് വിജി അരുണ്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് വിധി പറയുക.
എം.എം ലോറൻസിന്റെ മൃതദേഹം എംബാം ചെയ്ത് സൂക്ഷിക്കാനും പഠനാവശ്യത്തിനായി ഏറ്റെടുക്കാനുമുള്ള കളമശ്ശേരി മെഡിക്കല്‍ കോളേജിന്റെ തീരുമാനം റദ്ദാക്കണമെന്നാണ് ഹരജിയിലെ ആവശ്യം. ആശ ലോറന്‍സിനെ അനുകൂലിച്ച് മറ്റൊരു മകളായ സുജാത ബോബനും ഹൈകോടതിയില്‍ നിലപാട് സ്വീകരിച്ചിരുന്നു. അതേസമയം മൃതദേഹം പഠനാവശ്യത്തിനായി വിട്ടുനല്‍കണമെന്ന് എം.എം ലോറന്‍സ് അറിയിച്ചിരുന്നുവെന്നും ഇത് കേട്ടതിന് മതിയായ സാക്ഷികളുണ്ടെന്നുമാണ് മകൻ എം.എല്‍ സജീവന്‍ ഹൈകോടതിയെ അറിയിച്ചത്.
എം.എം ലോറൻസിന്റെ മൃതദേഹം മതാചാരപ്രകാരം സംസ്‌കരിക്കാന്‍ വിട്ടുനല്‍കിയില്ലെങ്കില്‍ എറണാകുളം മെഡിക്കല്‍ കോളജ് ആശുപത്രിക്ക് പഠനാവശ്യത്തിനായി ഉപയോഗിക്കാനാകും. ഹരജിയില്‍ അന്തിമ തീരുമാനമെടുക്കുന്നതുവരെ എം.എം ലോറന്‍സിന്റെ മൃതദേഹം കോടതി ഉത്തരവ് പ്രകാരം ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. എം.എം ലോറന്‍സിന്റെ മരണത്തിന് പിന്നാലെയാണ് മതാചാരപ്രകാരം മൃതദേഹം സംസ്കരിക്കണമെന്ന ആവശ്യവുമായി മകള്‍ ആശ രംഗത്തെത്തിയത്. പിന്നാലെ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചപ്പോള്‍ നാടകീയ സംഭവങ്ങളായിരുന്നു അരങ്ങേറിയത്. ആശയ്‌ക്കും മകനും മർദ്ദനമേറ്റെന്നും പരാതി ഉണ്ട്.