തിരുവനന്തപുരം: എം.ആർ. അജിത് കുമാറിന് ഡി.ജി.പിയായി സ്ഥാനക്കയറ്റം നൽകാനുള്ള ശിപാർശ മന്ത്രിസഭായോഗം അംഗീകരിച്ചു. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിലുള്ള സ്ക്രീനിങ് കമ്മിറ്റിയാണ് അജിത് കുമാറിന് ഡി.ജി.പിയായി സ്ഥാനക്കയറ്റത്തിന് ശിപാർശ നൽകിയത്.
അന്വേഷണം നേരിടുന്നത് സ്ഥാനക്കയറ്റത്തിന് തടസ്സമല്ലെന്നായിരുന്നു ശിപാർശയിൽ സൂചിപ്പിച്ചത്. 2025 ജൂലൈ ഒന്നിന് ഒഴിവുവരുന്ന മുറക്ക് അജിത് കുമാറിന് ഡി.ജി.പിയായി സ്ഥാനക്കയറ്റം ലഭിക്കും. ഇപ്പോൾ നടക്കുന്ന അന്വേഷണ റിപ്പോർട്ട് എതിരാവുകയാണെങ്കിൽ സ്ഥാനക്കയറ്റിന് തടസ്സമാവും. എന്നാൽ നിലവിലെ അന്വേഷണത്തിൽ അജിത് കുമാറിന് ഒരു മെമ്മോ പോലും നൽകാത്ത സാഹചര്യത്തിൽ സ്ഥാനക്കയറ്റം നൽകുന്നതിൽ തടസ്സമില്ലെന്നായിരുന്നു സുപ്രീംകോടതി വിധികളടക്കംചൂണ്ടിക്കാട്ടി സ്ക്രീനിങ് കമ്മിറ്റിയുടെ ശിപാർശ.
ആർ.എസ്.എസ് നേതാക്കളുമായി കൂടിക്കാഴ്ച, തൃശൂർ പൂരം കലക്കൽ എന്നീ വിവാദങ്ങളുമായി ബന്ധപ്പെട്ട് അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് നീക്കിയിരുന്നു. ഇന്റലിജൻസ് എഡിജിപി മനോജ് ഏബ്രഹാമിന് ക്രമസമാധാനച്ചുമതല നൽകിയിരുന്നത്. അജിത് കുമാറിനെ ബറ്റാലിയൻ എ.ഡി.ജി.പിയായി നിലനിർത്തുകയും ചെയ്തു.
അജിത് കുമാറിനെതിരായ പരാതികളിൽ ഡി.ജി.പിയുടെ നേതൃത്വത്തിൽ അന്വേഷണം നടന്നിരുന്നു. അന്വേഷണ റിപ്പോർട്ട് ആഭ്യന്തര സെക്രട്ടറിക്ക് കൈമാറുകയും ചെയ്തിരുന്നു.