ഊണിനൊപ്പം ഇറച്ചി ആവശ്യപ്പെട്ട മകൻ അമ്മയെ കഴുത്തറത്തു കൊലപ്പെടുത്താൻ ശ്രമിച്ചു. അഴീക്കോട് അഴിവേലിക്കകത്ത് ജലീലിന്റെ ഭാര്യ സീനത്തിനെ ആണ് മകൻ കൊലപ്പെടുത്താൻ ശ്രമിച്ചത്. മകൻ മുഹമ്മദിനെ പൊലീസ് സംഘം അറസ്റ്റ് ചെയ്തു. മദ്യലഹരിയിലായിരുന്നു അക്രമമെന്നു പൊലീസ് പറഞ്ഞു. ഞായറാഴ്ച രാത്രി 8.30നായിരുന്നു സംഭവം.
ചെറായി കുഴുപ്പള്ളി സ്വദേശിയായ ജലീലും കുടുംബവും അഞ്ചു വർഷത്തിലേറെയായി കൊട്ടിക്കൽ ഉൗമന്തറയിലാണ് താമസം. മുഹമ്മദ് പതിവായി ലഹരി ഉപയോഗിച്ചു എത്തുന്നതു വീട്ടുകാർ പലതവണ ചോദ്യം ചെയ്യാറുണ്ട്. ഞായറാഴ്ച പതിവു പോലെ എത്തിയ മുഹമ്മദ് രാത്രിടൗണിനൊപ്പം ഇറച്ചി ആവശ്യപ്പെട്ടു. ഇൗ സമയം ഇറച്ചി കിട്ടില്ലെന്നും പുറത്തു പോയി മുട്ട വാങ്ങി വരാൻ നിർദേശിച്ചു പിതാവ് ജലീൽ പണം നൽകി പറഞ്ഞയച്ചു
മുട്ട വാങ്ങി എത്തിയ മുഹമ്മദ് അടുക്കളയിൽ ഇരുന്നു. മുട്ടക്കറി തയാറാക്കുന്നതിനു അമ്മ സീനത്ത് സവാള അരിയുകയായിരുന്നു. ഇതിനിടെ പൊടുന്നനെ അക്രമാസക്തനായി അമ്മയുടെ കയ്യിലുണ്ടായിരുന്ന കത്തി പിടിച്ചു വാങ്ങി ആക്രമിക്കുകയായിരുന്നു. കുതറി മാറാൻ ശ്രമിക്കുമ്പോൾ കയ്യിലും കുത്തി.ജലീലിന്റെയും സീനത്തിന്റെയും നിലവിളി കേട്ടു ഓടിയെത്തിയ അയൽവാസി പോട്ടത്ത് കബീറിനെ കത്തി വീശി ഭീഷണിപ്പെടുത്തി.സംഭവത്തിനു ശേഷം വീട്ടുമുറ്റത്ത് കത്തിയുമായി നിലയുറപ്പിച്ച മുഹമ്മദ് ആരെയും വീട്ടിലേക്കു കയറ്റിയില്ല. വീട്ടുമുറ്റത്തേക്ക് എത്തിയവരോട് തട്ടിക്കളയുമെന്നു ഭീഷണി മുഴക്കി. ഇതിനിടെ കബീർ വീടിന്റെ പിറകിലൂടെ എത്തി സീനത്തിനെ സമീപത്തെ വീട്ടിൽ എത്തിച്ചു. അവിടെ നിന്നു മറ്റു അയൽവാസികളും ചേർന്നു സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. പരുക്കു ഗുരുതരമായതിനൽ കൊച്ചിയിലേക്കും അവിടെ നിന്നു കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും മാറ്റി. നാലു വർഷം മുൻപ് വീട്ടിൽ കഞ്ചാവ് വലിക്കുന്നതു ചോദ്യം ചെയ്തതിനു പിതാവ് ജലീലിനെയും മുഹമ്മദ് കുത്തി പരുക്കേൽപ്പിച്ചുണ്ട്.