ന്യൂഡൽഹി: തലസ്ഥാനമായ ഡൽഹി ഉൾപ്പെടെ വടക്കേ ഇന്ത്യയിൽ ഈ വർഷത്തെ ആദ്യഘട്ട ഉഷ്ണതരംഗം കടുത്ത തോതിൽ അനുഭവപ്പെടുമെന്ന് കാലാവസ്ഥാ ബ്യൂറോയുടെ പ്രവചനം. നിലവിൽ താപനില 40 ഡിഗ്രി സെൽഷ്യസ് കവിഞ്ഞു. ഏറ്റവും ചൂടേറിയ സമയങ്ങളിൽ വീടിനുള്ളിൽ തന്നെ തുടരാനും ഇളം നിറത്തിലുള്ള വസ്ത്രം ധരിക്കാനും ഉയർന്ന അളവിൽ ദ്രാവകം അടങ്ങിയ ഭക്ഷണം കഴിക്കാനും ധാരാളം വെള്ളം കുടിക്കാനും ജനങ്ങളോട് നിർദേശിക്കുന്നു.
രാജസ്ഥാൻ നഗരമായ ബാർമറിൽ ചൊവ്വാഴ്ച 46.4 ഡിഗ്രി സെൽഷ്യസിൽ എത്തിയതോടെ രാജ്യത്തിന്റെ വടക്കുപടിഞ്ഞാറൻ ഭാഗങ്ങളിൽ ചൂട് ഏറ്റവും ഉയർന്നു. ഏപ്രിലിലെ ശരാശരി പരമാവധി താപനിലയേക്കാൾ 6 ഡിഗ്രി സെൽഷ്യസ് കൂടുതലാണിത്.
ഡൽഹിയിൽ ബുധനാഴ്ച 40.3ഡിഗ്രി സെൽഷ്യസിലേക്ക് ഉയർന്ന് ഈ വർഷം ആദ്യമായി 40 ഡിഗ്രി സെൽഷ്യസ് മറികടന്നു. ജയ്പൂർ ഞായറാഴ്ച മുതൽ തുടർച്ചയായി അഞ്ച് ദിവസം 40ഡിഗ്രി സെൽഷ്യസ് കവിഞ്ഞു. ബുധനാഴ്ച പരമാവധി താപനില 43സെൽഷ്യസ് ആയി രേഖപ്പെടുത്തി. ഏപ്രിലിലെ ശരാശരി ഉയർന്ന താപനിലയേക്കാൾ ഏകദേശം 5ഡിഗ്രി സെൽഷ്യസ് കൂടുതലാണിത്.
രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും ഈ വേനൽക്കാലത്ത് തീവ്രമായ ഉഷ്ണതരംഗം അനുഭവപ്പെടുമെന്ന് ഇന്ത്യൻ കാലാവസ്ഥാ ബ്യൂറോ കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു. ഈ ആഴ്ചയിലെ അതിശക്തമായ ചൂട് പട്ന ഉൾപ്പടെ ബീഹാറിലുടനീളം ശക്തമായ ഇടിമിന്നലിന് കാരണമായി. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ഇടക്കിടെയുള്ള ഇടിമിന്നൽ, ആലിപ്പഴ വർഷം, ശക്തമായ കാറ്റ് എന്നിവയിൽ കുറഞ്ഞത് 19 പേർ മരിച്ചു.
വിളവെടുപ്പിന് ആഴ്ചകൾക്ക് മുമ്പ് ഗോതമ്പ്, മാങ്ങ, ലിച്ചി എന്നിവയുൾപ്പെടെയുള്ള വിളകൾക്ക് വ്യാപകമായ നാശനഷ്ടമുണ്ടായി. പശ്ചിമ-മധ്യ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം കാരണം ശനിയാഴ്ച വരെ ബീഹാറിൽ ഉടനീളം കൊടുങ്കാറ്റ് നിലനിൽക്കാൻ സാധ്യതയുണ്ട്.
അതേസമയം, കിഴക്കൻ ആഫ്രിക്കയുടെ ചില ഭാഗങ്ങളിൽ ശരാശരിയേക്കാൾ ഉയർന്ന താപനിലയാണ് അനുഭവപ്പെടുന്നത്. ഇത് ഏപ്രിലിലെ റെക്കോർഡിലേക്ക് അടുക്കാം.
മാലിയിൽ, ബുധനാഴ്ച മുതൽ ഞായറാഴ്ച വരെ രാജ്യം മുഴുവൻ ഉൾക്കൊള്ളുന്ന ഒരു തീവ്ര കാലാവസ്ഥാ മുന്നറിയിപ്പ് ദേശീയ കാലാവസ്ഥാ ഏജൻസി പുറപ്പെടുവിച്ചു. തുടർച്ചയായി കുറഞ്ഞത് മൂന്ന് ദിവസത്തേക്ക് പരമാവധി താപനില 40-47സെൽഷ്യസ് വരെ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. ജൂൺ, ജൂലൈ മാസങ്ങളിലെ വേനൽക്കാലത്തിന്റെ ഉയർന്ന സമയത്തെ ശരാശരി താപനിലയുമായി ഇത് താരതമ്യപ്പെടുത്താവുന്നതാണ്. അതേസമയം ഏപ്രിൽ മാസത്തിലെ ശരാശരി താപനില 38-40 ഡിഗ്രി ആയിരിക്കും.