തൃശൂര്‍: വടക്കാഞ്ചേരി മാരാത്തുകുന്ന് അകമലയില്‍ ഉരുള്‍ പൊട്ടല്‍ ഭീഷണിയുണ്ടെന്ന് വിവിധ വകുപ്പുകളുടെ സംയുക്ത പരിശോധനയില്‍ കണ്ടെത്തി. ഇരുപത്തിയഞ്ച് കുടുംബാംഗങ്ങളെ മേഖലയില്‍ നിന്ന് താത്കാലികമായി മാറ്റിപ്പാര്‍പ്പിച്ചു. എന്നാല്‍ രണ്ട് മണിക്കൂറിനുള്ളില്‍ വീടൊഴിയണമെന്ന് ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത വ്യാജമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
വടക്കാഞ്ചേരി നഗരസഭയിലെ പതിനാറാം ഡിവിഷന്‍ ഉള്‍പ്പെടുന്ന മാരാത്തുകുന്ന് അകമലയില്‍ മൂന്നിടങ്ങളില്‍ മണ്ണിടിച്ചില്‍ ഉണ്ടായതിനെത്തുടര്‍ന്നാണ് ജില്ലാ ഭരണകൂടം വിദഗ്ധ സംഘത്തെ അയച്ച് പരിശോധിച്ചത്. മൈനിങ്ങ് ആന്‍റ് ജിയോളജി, സോയില്‍ കണ്‍സര്‍വേഷന്‍. ഗ്രൗണ്ട് വാട്ടര്‍ ഉള്‍പ്പടെയുള്ള ഡിപ്പാര്‍ട്ടുമെന്‍റുകളിലെ ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്. പ്രദേശത്ത് മണ്ണിടിയാന്‍ സാധ്യതയുണ്ടെന്നും ആളുകളെ മാറ്റണെമന്നുമാണ് വിദഗ്ധ സംഘം തഹസീൽദാരെ അറിയിച്ചത്. ഇതേത്തുടര്‍ന്ന് പ്രദേശത്തുണ്ടായിരുന്ന കുടുംബങ്ങളെക്കൂടി പൊതുപ്രവര്‍ത്തകര്‍ മാറ്റിപ്പാര്‍പ്പിച്ചു.