കല്‍പ്പറ്റ: വയനാട് മുണ്ടക്കൈ, ചുരൽമൈല ഉരുള്‍പൊട്ടൽ ദുരന്തബാധിതര്‍ക്ക് സര്‍ക്കാര്‍ നൽകുന്ന വാടക മുടങ്ങി. ഈ മാസം ആറാം തീയതിക്ക് മുമ്പ് കിട്ടേണ്ടിയിരുന്ന വാടക പതിനൊന്നാം തീയതിയായിട്ടും നൽകിയിട്ടില്ല. വാടക ലഭിക്കാത്തതിനാൽ വാടക വീടുകളിൽ കഴിയുന്ന 547 കുടുംബങ്ങളാണ് പ്രതിസന്ധിയിലായത്. 547 കുടുംബങ്ങളുടെ വാടകയാണ് മുടങ്ങിയത്.
വാടക നൽകുന്ന സിഎംഡിആര്‍എഫ് അക്കൗണ്ടിൽ എട്ടു ലക്ഷം രൂപ മാത്രമാണ് ബാക്കിയുള്ളത്. വാടക നൽകാൻ ആവശ്യത്തിന് പണം ലഭ്യമാക്കണമെന്ന് കഴിഞ്ഞ 16 ന് ആവശ്യപ്പെട്ടെങ്കിലും സർക്കാർ തലത്തിൽ നടപടി ഉണ്ടായില്ല. ഇതിനിടെ ടൗണ്‍ഷിപ്പിലെ ഗുണഭോക്താക്കളുടെ അന്തിമ പട്ടിക ഇനിയും പുറത്തിറങ്ങിയിട്ടില്ല. 452 പേരുടെ പട്ടികയാണ് ടൗൺഷിപ്പിലെ ഗുണഭോക്താക്കളായി ജില്ലാ ഭരണകൂടം നൽകിയത്. 402 പേരുടെ പട്ടികക്ക് പുറമെ 50 പേരെ കൂടി ഉൾപ്പെടുത്തണമെന്ന ശുപാർശ ജില്ലാ ഭരണകൂടം സർക്കാരിന് നൽകി. ഡിഡിഎംഐ യോഗം ചേർന്ന് ജില്ലാ ഭരണകൂടം പട്ടിക സർക്കാരിന് കൈമാറിയിട്ടുണ്ട്.