ഉരുള്‍പൊട്ടുന്നുണ്ട് മുന്നോട്ടെടുക്കല്ലേ…, ; താമരശ്ശേരി ചുരത്തിൽ മണ്ണിടിച്ചിലിൽ ഉണ്ടാവാമായിരുന്ന ദുരന്തം ഒഴിവായത് കാർ യാത്രക്കാരിയുടെ ഇടപെടലിൽ

news image
Aug 27, 2025, 2:46 pm GMT+0000 payyolionline.in

താമരശ്ശേരി: ഉരുള്‍പൊട്ടുന്നുണ്ട് മുന്നോട്ടെടുക്കല്ലേ…, പോവല്ലേ… എന്നുപറഞ്ഞുള്ള ഒരു കാര്‍യാത്രക്കാരിയുടെ കരച്ചിലാണ് താമരശ്ശേരി ചുരത്തില്‍ മണ്ണിടിച്ചിലില്‍ ഉണ്ടാവാമായിരുന്ന വലിയദുരന്തം ഒഴിവാക്കിയത്.

അപകടംനടക്കുന്ന സമയം 45 യാത്രക്കാരുമായി കോഴിക്കോട്ടുനിന്ന് മാനന്തവാടിയിലേക്ക് വരുകയായിരുന്നു കെഎസ്ആര്‍ടിസി ബസ്. മണ്ണിടിച്ചിലുണ്ടായ വ്യൂപോയിന്റിന്റെ അല്പം അകലെ ബസ് എത്തിയപ്പോള്‍ എതിരേവന്ന കാറിലുണ്ടായിരുന്ന സ്ത്രീ ഉരുള്‍പൊട്ടുന്നുണ്ട് അവിടേക്കുേപാവരുതേ… എന്ന് കരഞ്ഞുപറഞ്ഞു. ഇതോടെ തങ്ങള്‍ റോഡരികിലേക്ക് ബസ് ഒതുക്കിനിര്‍ത്തുകയായിരുന്നെന്ന് കണ്ടക്ടര്‍ നരിക്കുനി സ്വദേശി മുഹമ്മദ് റഫീഖ് പറഞ്ഞു.

പിന്നീട് റഫീഖും ഡ്രൈവര്‍ ശ്രീനിവാസനും സ്ഥലത്തേക്ക് ഓടിയെത്തി നോക്കിയപ്പോള്‍ കണ്ടത് റോഡൊന്നാകെ പാറക്കല്ലും മണ്ണും മരങ്ങളും വന്ന് മൂടിക്കിടക്കുന്നതാണ്. ആ യാത്രക്കാരി ഇടപെട്ടില്ലായിരുന്നെങ്കില്‍ ഒരുപക്ഷേ അവസ്ഥ മറ്റൊന്നായി മാറുമായിരുന്നെന്ന് റഫീഖ് പറഞ്ഞു. 45 ജീവനാണ് അവര്‍ രക്ഷിച്ചത്.

പുറകെവരുന്ന വാഹനങ്ങളെല്ലാം തങ്ങള്‍ തടഞ്ഞുനിര്‍ത്തുകയായിരുന്നെന്ന് റഫീഖ് പറഞ്ഞു. ഒരുപാട് യാത്രക്കാരുടെ ജീവന്‍രക്ഷിച്ച, പേരും നാടുമൊന്നുമറിയാത്ത ആ കാര്‍യാത്രക്കാരിയോട് നന്ദിപറയുകയാണ് റഫീഖും ശ്രീനിവാസനും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe