ഉമ തോമസിന്‍റെ ആരോഗ്യ നിലയിൽ പുരോഗതി; സ്റ്റേജ് നിര്‍മിച്ചത് അനുമതിയില്ലാതെയെന്ന് ജിസിഡിഎ, സമഗ്ര അന്വേഷണം

news image
Dec 30, 2024, 5:26 am GMT+0000 payyolionline.in

കൊച്ചി : കല്ലൂര്‍ സ്റ്റേഡിയത്തിലെ ഗാലറിയിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ ഉമ തോമസ് എംഎൽഎയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. ആരോഗ്യനില മെച്ചപ്പെട്ട് വരുന്നുണ്ട്. സിടി സ്കാനിങ് നടത്തിയശേഷം മറ്റു കാര്യങ്ങള്‍ തീരുമാനിക്കും. പ്രത്യേക മെഡിക്കല്‍ സംഘം ഉമ തോമസിനെ നിരീക്ഷിക്കുന്നുണ്ട്. സംഘാടകരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതര വീഴ്ചയെക്കുറിച്ച് അന്വേഷിക്കുമെന്നും മന്ത്രി പി രാജീവ് പറഞ്ഞു. അതേസമയം, അപകടത്തെ തുടര്‍ന്ന് ജിസിഡിഎ എന്‍ജിനീയര്‍മാര്‍ സ്റ്റേഡിയത്തിലെത്തി പരിശോധന നടത്തി. സ്റ്റേജ് നിര്‍മിച്ചത് അനുമതിയില്ലാതെയാണെന്ന് എന്‍ജിനീയര്‍മാര്‍ പറഞ്ഞു.

വിളക്ക് കൊളുത്താൻ മാത്രമാണ് സ്റ്റേജെന്നാണ് സംഘാടകര്‍ പറഞ്ഞത്. പരിപാടി നടത്താൻ മാത്രമാണ് സ്റ്റേഡിയം തുറന്നു കൊടുത്തതെന്നും എന്‍ജിനീയര്‍മാര്‍ പറഞ്ഞു. സംഭവത്തിൽ ജിസിഡിഎ സമഗ്രമായ അന്വേഷണം നടത്തുമെന്ന് ചെയര്‍മാൻ കെ ചന്ദ്രൻപിള്ള പറഞ്ഞു. അഞ്ച് മിനുട്ട് ചടങ്ങിന് വേണ്ടിയാണ് ആ പ്ലാറ്റ് ഫോം ഉണ്ടാക്കിയത്. ബാരിക്കേഡ് ഉണ്ടായിരുന്നില്ല. അതാണ് അപകട കാരണം. സ്റ്റേഡിയത്തിൽ സുരക്ഷാ പ്രശ്നങ്ങള്‍ ഇല്ല. ഉത്തരവാദിത്തം സംഘാടകര്‍ക്കാണ്. എല്ലാ മുൻകരുതലും എടുക്കണമെന്ന് രേഖാമൂലം കരാര്‍ ഉണ്ടാക്കിയിരുന്നു. ഇതിൽ ജിസിഡജിഎ സമഗ്രമായ അന്വേഷണം നടത്തുമെന്നും ജിസിഡിഎ ചെയര്‍മാൻ കെ ചന്ദ്രൻ പിള്ള പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe