കാസർകോട്: ഉപ്പള മീൻമാർക്കറ്റിനു സമീപത്തെ കെട്ടിടത്തിലെ വാച്ച്മാൻ ചൊവ്വ രാത്രി വെട്ടേറ്റു മരിച്ചു. ഒപ്പമുണ്ടായിരുന്ന യുവാവിനെ കാണാനില്ല. പയ്യന്നൂർ സ്വദേശി സുരേഷ് (48) ആണ് കൊല്ലപ്പെട്ടത്. സുരേഷും കാണാതായ സവാദും പലപ്പോഴും ഒന്നിച്ചു കാണാറുണ്ടെന്ന് പൊലീസ് പറഞ്ഞു.
സവാദിനെ കണ്ടെത്താൻ മഞ്ചേശ്വരം പൊലീസ് ഇൻസ്‌പെക്ടർ ഇ അനൂപ് കുമാറിന്റെ നേതൃത്വത്തിൽ അന്വേഷണം ഊർജിതമാക്കി. സവാദിന്റെ ഉപ്പള, പത്വാടിയിലെ വീട്ടിൽ റെയ്ഡ് നടത്തി. ഇയാൾ വീട്ടിലെത്തിയിട്ടില്ലെന്നാണ് വീട്ടുകാർ പൊലീസിനെ അറിയിച്ചത്. ചൊവ്വാഴ്ച രാത്രി പത്തിനാട് കൊലപാതകം നടന്നത്. രാത്രി ഇരുവരും ലഹരി ഉപയോഗിച്ചിരുന്നുവെന്നും ഇതിനിടയിൽ ഉണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതുമെന്നാണ് പൊലീസ് നിഗമനം.
ഗുരുതരമായി പരിക്കേറ്റ സുരേഷിനെ നാട്ടുകാർ ഉപ്പളയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മംഗളൂരുവിലെ ആശുപത്രിയിലും എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സവാദിനെതിരെ നിലവിൽ മൂന്ന് പൊലീസ് കേസുണ്ട്. രണ്ടു കേസ് കഞ്ചാവ് വലിച്ചതിനും മറ്റൊന്ന് നിർത്തിയിട്ട ആംബുലൻസ് മോഷ്ടിച്ചതിനുമാണ്.