കോഴിക്കോട്: ഉപ്പയുടെ ഓർമയിൽ പോറ്റി വളർത്തിയിരുന്ന റഷ്യൻ പൂച്ച ‘സിംബ’യെ കാണാതായ വിഷമവുമായാണ് കരിക്കാംകുളം ഫൗസിയ മൻസിലിൽ പെരുന്നാൾ ദിവസം കടന്നുപോയത്. കഴിഞ്ഞ 28നു രാത്രി ഗേറ്റ് തുറന്നിട്ടപ്പോൾ പുറത്തിറങ്ങിയ സിംബ പിന്നെ മടങ്ങിവന്നിട്ടില്ല. പെരുന്നാൾ ദിനത്തിലും അവനെ പലയിടത്തും തിരഞ്ഞെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല.
കുടുംബനാഥനായിരുന്ന റിയാസ് 6 വർഷം മുൻപ് വീട്ടിലെത്തിച്ച് ‘സിംബ’ എന്നു പേരിട്ടു പോറ്റി വളർത്തിയിരുന്നതാണ് ആ പൂച്ച. ഒരു വർഷം മുൻപ് റിയാസ് മരിച്ചു. ഫസീലയും മക്കൾ റിഫ, റിഷ, റിസാൽ എന്നിവരും അതീവ കരുതലോടെയാണ് അവനെ വളർത്തിയത്. ‘ഉപ്പയുടെ സാന്നിധ്യമാണ് അവനിൽ ഞങ്ങൾ അനുഭവിച്ചത്’– റിഫ പറയുന്നു. ഇന്നലെ കരിക്കാംകുളം ഭാഗത്ത് പൂച്ചയെ കണ്ടെന്നു കുട്ടികൾ പറഞ്ഞതു പ്രകാരം പകൽ മുഴുവൻ അവിടെ തിരഞ്ഞു. ഉച്ചയോടെയാണ് തിരച്ചിൽ നിർത്തി മടങ്ങിയത്. ആരെങ്കിലും അവനെ കണ്ടെത്തി അറിയിക്കണേ എന്ന പ്രാർഥനയിൽ സമൂഹ മാധ്യമങ്ങളിലും വാട്സാപ് ഗ്രൂപ്പുകളിലും സിംബയുടെ ചിത്രം പങ്കു വച്ച് കാത്തിരിപ്പിലാണ് കുടുംബം. ഫോൺ: 9847017003