പാരീസ്: ഉത്തേജക മരുന്ന് ഉപയോഗിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് ഫ്രഞ്ച് ഫുട്ബാൾ താരം പോൾ പോഗ്ബക്ക് നാലുവർഷത്തേക്ക് വിലക്ക്. ഫ്രാൻസിൻ്റെയും യുവൻ്റസിൻ്റെയും മധ്യനിര താരമാണ് പോൾ പോഗ്ബ. സെപ്റ്റംബറിൽ മയക്കുമരുന്ന് പരിശോധനയിൽ ടെസ്റ്റോസ്റ്റിറോണിൻ്റെ അളവ് ഉയർന്നതായി കണ്ടെത്തിയതിനെത്തുടർന്ന് മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരമായ പോഗ്ബയെ താൽകാലികമായി സസ്പെൻഡ് ചെയ്തിരുന്നു.
പരിക്കും സ്ഥിരതയില്ലാത്ത പ്രകടനവും മൂലം വലയുന്ന പോഗ്ബയുടെ ഫുട്ബാൾ കരിയറിനെ വിലക്ക് സാരമായി ബാധിക്കാൻ സാധ്യതയുണ്ട്. ഇറ്റലിയുടെ ദേശീയ ഉത്തേജക വിരുദ്ധ ട്രൈബ്യൂണലിന്റെ (നാഡോ) തീരുമാനത്തിനെതിരെ പോഗ്ബ അപ്പീൽ നൽകുമെന്നാണ് റിപ്പോർട്ട്. ഇംഗ്ലീഷ് വമ്പൻമാരായ മാഞ്ചസ്റ്റർ യുനൈറ്റഡിനൊപ്പമാണ് 30 കാരനായ പോഗ്ബെ കളി തുടങ്ങിയത്. 2012ൽ യുവന്റസിലേക്ക് മാറി.
2018ലെ ലോകകപ്പിൽ മുത്തമിട്ട ഫ്രഞ്ച് ടീമിലെ കളിക്കാരിൽ പ്രധാനിയായിരുന്നു പോഗ്ബ. 2022ലെ ലോകകപ്പിൽ പരിക്കു മൂലം കളിക്കാൻ സാധിച്ചിരുന്നില്ല.