തിരുവനന്തപുരം: ഉത്തരക്കടലാസ് കാണാതായ സംഭവം: ശരാശരി മാർക്ക് നൽകാൻ കേരള യൂനിവേഴ്സിറ്റിയോട് നിർദേശിച്ചു ലോകായുക്ത. ലോകായുക്ത ജസ്റ്റിസ് എൻ. അനിൽ കുമാർ, ഉപലോകായുക്‌ത ജസ്റ്റിസ് ഷെർസി വി. എന്നിവരുടെ ഡിവിഷൻ ബെഞ്ച് ഉത്തരക്കടലാസ് കാണാതായ സംഭവത്തിൽ പരാതിക്കാരിക്ക് ശരാശരി മാർക്ക് നൽകി ഫലം പ്രസിദ്ധീകരിക്കാൻ യൂനിവേഴ്സിറ്റിയോട് നിർദേശിച്ച് ഇടക്കാല ഉത്തരവ് നൽകിയത്.
യൂനിവേഴ്സിറ്റിയെ പ്രതിനിധീകരിച്ചു രജിസ്ട്രാർ, പരീക്ഷാ കൺട്രോളർ, ഉന്നതവിദ്യാഭ്യാസവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എന്നിവരെ എതിർകക്ഷികളാക്കി കഴക്കൂട്ടം ഡി.സി. സ്കൂൾ ഓഫ് മാനേജ്മെന്റ് ആൻഡ് ടെക്നോളജിയിലെ 2022-2024 ബാച്ച് വിദ്യാർഥിയായിരുന്ന അഞ്ജന പ്രദീപ് ആണ് പരാതിയുമായി ലോകായുക്തയെ സമീപിച്ചത്.
2024 ഏപ്രിൽ 22 മുതൽ മെയ് 31 വരെയായി മൂന്നാം സെമസ്റ്റർ പരീക്ഷ നടത്തിയിരുന്നെന്നും അവസാനത്തെ പരീക്ഷ ആയ ‘പ്രൊജക്റ്റ് ഫിനാൻസ് ‘ഉൾപ്പെടെ എല്ലാ പരീക്ഷയും താൻ എഴുതിയിരുന്നെന്നും 2024-ൽ തന്നെ നാലാം സെമസ്റ്റർ പരീക്ഷയും കഴിഞ്ഞിരുന്നെന്നും റിസൾട്ട് പ്രസിദ്ധീകരിക്കാത്തതിന് എന്താണ് കാരണമെന്ന് യൂണിവേഴ്സിറ്റി അറിയിച്ചിരുന്നില്ലെന്നും പരാതിയിൽ പറയുന്നു.
2025 ഏപ്രിൽ ഏഴിന് നടന്ന മൂന്നാം സെമസ്റ്റർ ‘പ്രൊജക്റ്റ് ഫിനാൻസ് ‘ പേപ്പർ സ്പെഷ്യൽ പരീക്ഷ എഴുതാൻ ആവശ്യപ്പെട്ട് ഇമെയിൽ സന്ദേശം ലഭിച്ചതിനെ തുടർന്നാണ് പരാതിക്കാരി ലോകായുക്തയെ സമീപിച്ചത്. പരാതിക്കാരി 2024-ൽ ഈ പരീക്ഷ എഴുതിയിരുന്നെന്നും യൂനിവേഴ്സിറ്റിയുടെ ഭാഗത്തു നിന്ന് വന്ന വീഴ്ചക്കു താൻ ഉത്തരവാദിയല്ലെന്നും അതുകൊണ്ടു തന്നെ സ്പെഷ്യൽ പരീക്ഷ എഴുതുന്നതിൽ നിന്നും തന്നെ ഒഴിവാക്കണമെന്നും ഉത്തരക്കടലാസ് നഷ്ടപ്പെട്ട മൂന്നാം സെമസ്റ്റർ ‘പ്രൊജക്റ്റ് ഫിനാൻസ് ‘ പേപ്പറിനു ശരാശരി മാർക്ക് നൽകി മൂന്നും നാലും സെമസ്റ്റർ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിക്കാൻ എതിർകക്ഷികൾക്ക് നിർദേശം നൽകണമെന്നതുമായിരുന്നു പരാതിക്കാരിയുടെ ആവശ്യം.
തന്റേതല്ലാത്ത കുറ്റത്തിന് ഒരാളെ ശിക്ഷിക്കുന്നത് ശരിയല്ലെന്നും ഇത്രയും കാലത്തിനു ശേഷം മുന്നൊരുക്കത്തിനുള്ള സമയം പോലും നൽകാതെ വീണ്ടും പരീക്ഷ എഴുതാൻ നിർബന്ധിക്കുന്നത് യുക്തിരഹിതവും അനീതിയുമാണെന്നും കോടതി വിലയിരുത്തി. പരാതിക്കാരിക്ക് വേണ്ടി അഡ്വ.ആർ.എസ്. ബാലമുരളി ഹാജരായി.