തിരുവനന്തപുരം: കേരള സര്‍വകലാശാലയിലെ എം.ബി.എ പരീക്ഷയുടെ ഉത്തരക്കടലാസുകള്‍ കാണാതായ സംഭവത്തിൽ നടന്നത് ഗുരുതര വീഴ്ച്ചയെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡൻറ് അലോഷ്യസ് സേവ്യർ. വിഷയത്തിൽ സമഗ്ര അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കേരള സർവകലാശാല “സർവതും “ നഷ്ടപ്പെടുത്തുന്ന ശാലയായി മാറുന്നത് പരിതാപകരമാണ്. ഉത്തരക്കടലാസ് കാണാതായതിന്‍റെ കാരണം ആദ്യം പറയാതെ പുനപരീക്ഷ പ്രഖ്യാപിച്ച് പ്രശ്നം ഒതുക്കാനായിരുന്നു സര്‍വകലാശാലയുടെ ശ്രമം.കേരള സർവകലാശാലയിലെ 2022-2024 ബാച്ചിലെ ഫിനാൻസ് സ്ട്രീം എംബിഎ വിദ്യാർഥികളുടെ പ്രൊജക്ട് ഫിനാൻസ് പേപ്പറിന്‍റെ 71 ഉത്തരക്കടലാസുകളാണ് നഷ്ടപ്പെട്ടത്.
മൂല്യനിർണയത്തിനായി കൊടുത്തയച്ച ഉത്തരക്കടലാസുകൾ അധ്യാപകന്‍റെ പക്കൽ നിന്നാണ് നഷ്ടപ്പെട്ടത്. തുടക്കത്തിൽ ഇക്കാര്യം മറച്ചുവെക്കാനാണ് സർവകലാശാല ശ്രമിച്ചത്. മൂല്യനിർണയം പൂർത്തിയാക്കാത്തതിനാൽ കോഴ്സ് പൂർത്തിയായിട്ടുംഫലപ്രഖ്യാപനവും നടത്താനായിട്ടില്ല എന്നത് വിദ്യാർഥികൾക്ക് സൃഷ്ടിച്ചിരിക്കുന്ന ബുദ്ധിമുട്ട് വളരെ വലുതാണ്.
ഇക്കാര്യം സർവകലാശാല കണക്കിലെടുക്കണം. വിഷയത്തിൽ അന്വേഷണവും തുടർ നടപടിയും ആവശ്യപ്പെട്ട് കെ.എസ്.യു തിരുവനന്തപുരം ജില്ലാ പ്രസിഡൻറ് ഗോപുനെയ്യാർ ചാൻസലറായ ഗവർണർക്കും, ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും, വൈസ് ചാൻസലറിനും പരാതി നൽകിയിട്ടുണ്ടെന്നും അലോഷ്യസ് സേവ്യർ വ്യക്തമാക്കി