കൊയിലാണ്ടി: ഉണ്ട ചോറിനും പകർന്ന സ്നേഹത്തിനും നന്ദികാണിക്കുന്നതിൽ മുൻ നിരയിലാണ് നായകൾ എന്നാണ് പലരുടേയും അനുഭവം. കഴിഞ്ഞ ദിവസം കൊരയങ്ങാട് സ്വദേശി തെക്കെ തലക്കൽ ഷിജുവിനുണ്ടായ അനുഭവവും വ്യത്യസ്ഥമല്ല. മകളെ ട്രെയിൻ കയറ്റാനായി ഭാര്യയോടൊപ്പം കൊയിലാണ്ടി റെയിൽവെ സ്റ്റേഷന് സമീപം എത്തിയതായിരുന്നു ഷിജു. ഭാര്യയും മകളും സ്റ്റേഷനിലേക്ക് പോയപ്പോൾ സ്കൂട്ടർ സ്റ്റാർട്ട് ചെയ്യാനുള്ള ശ്രമത്തിനിടെയാണ് ഒരു തെരുവ് പട്ടി തനിക്ക് ചുറ്റും വാലാട്ടി കറങ്ങുന്നത് ശ്രദ്ധയിൽ പെട്ടത്.
സ്കൂട്ടറിന് ചുറ്റും ഓടി നടന്നും സ്നേഹത്തോടെ ഷിജുവിനെ വലം വെച്ചുമുള്ള പട്ടിയുടെ അതിയായ സ്നേഹപ്രകടനം സ്റ്റേഷനു പുറത്തുള്ള ഓട്ടോ ഡ്രൈവർമാർക്കും യാത്രക്കാർക്കും കൗതുക കാഴ്ചയായി. പെട്ടെന്നാണ് ഷിജുവിൻ്റെ ഓർമ്മയിലേക്ക് മൂന്നു വർഷം മുമ്പുള്ള സംഭവം ഓടിയെത്തിയത്. തൻ്റെ വീടിനു സമീപം ഒരു തെരുവ് പട്ടിക്ക് കാലിന് പരുക്കേറ്റപ്പോൾ ചികിത്സയും ഭക്ഷണവും നൽകി പരിചരിച്ചിരുന്നു. വേദന കൊണ്ട് പുളഞ്ഞ അവന് അത് ഏറെ ആശ്വാസം നൽകി.
ഏറെ ദിവസം കഴിഞ്ഞ് അസുഖം ഭേദമായതോ അവൻ നന്ദിയോടെ വലാട്ടി തെരുവിലേക്ക് ഓടി മറയുകയും ചെയ്തു. വർഷങ്ങൾക്ക് മുമ്പ് തന്നെ ആപത്തിൽ നിന്നും രക്ഷിച്ചതിന് ഒരിക്കൽ കൂടി നന്ദി പറയാനാണ് ആ തെരുവ് നായ എത്തിയതെന്ന് ഷിജു അപ്പോഴാണ് തിരിച്ചറിഞ്ഞത്. പയ്യോളി പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ.ആണ് ഷിജു.