ഒരു ദിവസം രണ്ട് തവണ വര്‍ധിച്ച് കേരളത്തിലെ സ്വര്‍ണ വില. രാവിലത്തെ ചെറിയ വര്‍ധനവിന് പിന്നാലെ ഉച്ചയ്ക്കും സ്വര്‍ണ വിലയില്‍ കൂടി. രാവിലെ പവന് 40 രൂപയും ഉച്ചയ്ക്ക് ശേഷം 320 രൂപയുമാണ് വര്‍ധിച്ചത്. 360 രൂപയുടെ വര്‍ധനവോടെ പവന് 73,200 രൂപയാണ് വെള്ളിയാഴ്ചയിലെ വില. ഗ്രാമിന് 45 രൂപയുടെ വര്‍ധനവോടെ 91,50 രൂപ നല്‍കണം.
രാജ്യാന്തര വില വര്‍ധിച്ചതാണ് ഉച്ചയ്ക്ക് ശേഷം വില വര്‍ധിക്കാന്‍ കാരണം. പലിശ നിരക്ക് കുറയ്ക്കണമെന്ന ഫെഡറൽ റിസർവ് ഗവർണർ ക്രിസ്റ്റഫർ വാലറുടെ പരാമർശത്തിന് പിന്നാലെ യുഎസ് ഡോളർ താഴേക്ക് പോയതാണ് സ്വര്‍ണ വില മുന്നേറാന്‍ കാരണം. രാവിലെ 3,331 ഡോളറിലായിരുന്ന രാജ്യാന്തര വില ഉച്ചയ്ക്ക് ശേഷം 3,350 നിലവാരം ഭേദിച്ചു. 3335 ഡോളറിലെത്തിയ ശേഷം നിലവില്‍ 3352 ഡോളറിലാണുള്ളത്.
സമ്പദ്‌വ്യവസ്ഥയുടെ അപകടാവസ്ഥ ഒഴിവാക്കാന്‍ പോളിസി നിരക്ക് കുറയ്ക്കണമെന്നാണ് ക്രിസ്റ്റഫർ വാലർ പറഞ്ഞത്. തൊഴിൽ വിപണി ദുർബലമാകുന്നതിന്‍റെ തെളിവുകള്‍ പുറത്തുവന്നതിനാല്‍ ജൂലായില്‍ പലിശ നിരക്ക് കുറയ്ക്കണമെന്നും അദ്ദേഹം പറഞ്ഞു. പലിശ നിരക്ക് കുറയ്ക്കുന്നത് ഡോളറിലും ബോണ്ടിലുമുള്ള നിക്ഷേപ സാധ്യത കുറയ്ക്കുന്നതിനാലാണ് സ്വര്‍ണ വില ഉയരുന്നത്. അതേസമയം, യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്‍റെ വ്യാപാര നയങ്ങള്‍ രാജ്യാന്തര സമ്പദ്‍വ്യവസ്ഥയില്‍ എങ്ങനെ സ്വാധീനിക്കും എന്ന ആശങ്കയും സ്വര്‍ണ വിലയെ മുന്നോട്ട് നയിക്കുകയാണ്.
ഇന്നത്തെ വിലയില്‍ പത്തു ശതമാനം പണിക്കൂലിയില്‍ ഒരു പവന്‍റെ ആഭരണം വാങ്ങാന്‍ 83,050 രൂപയോളം നല്‍കണം. സ്വര്‍ണ വില, പണിക്കൂലി, ഹാള്‍മാര്‍ക്കിംഗ് ചാര്‍ജ്, ജിഎസ്ടി എന്നിവ സഹിതമുള്ള തുകയാണിത്.