തിരുവമ്പാടി : ഈസ്റ്റർ ആഘോഷത്തിന് പോത്തിറച്ചി വാങ്ങാനെത്തിയവർക്ക് കിട്ടിയത് കാളയിറച്ചി. കബളിപ്പിക്കപ്പെട്ടതറിഞ്ഞതോടെ ജനം സംഘടിച്ചെത്തി കടകൾ പൂട്ടിച്ചു. കൂടരഞ്ഞി അങ്ങാടിയിലെ ബീഫ് സ്റ്റാളുകൾക്കെതിരേയാണ് വ്യാപകപരാതി. പോത്തിറച്ചിയെന്ന് വിശ്വസിപ്പിച്ച് കാളയിറച്ചി വിൽപ്പന നടത്തിയതായി നാട്ടുകാരുടെ പരാതിയെത്തുടർന്ന് പഞ്ചായത്ത് എൻഫോഴ്സ്മെന്റ് ടീം പരിശോധന നടത്തിയാണ് കടകൾ പൂട്ടിച്ചത്. കൂടരഞ്ഞി അങ്ങാടിയിലെ ബിസ്മി ബീഫ് സ്റ്റാളിലും കരിംകുറ്റിയിലെ എം ബീഫ് സ്റ്റാളിലും കാളയിറച്ചി വെട്ടി പോത്തിറച്ചിയാണെന്നുപറഞ്ഞ് വിൽപ്പന നടത്തുന്നുവെന്നായിരുന്നു പരാതി. ഇവിടങ്ങളിൽ കാളയിറച്ചിയാണ് വിൽപ്പന നടത്തിയതെന്ന് തെളിഞ്ഞതായി പഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് പറഞ്ഞു.
ശുചിത്വമാനദണ്ഡങ്ങൾ പാലിക്കാതെയും ലൈസൻസില്ലാതെയും പ്രവർത്തിക്കുന്ന മാംസവിൽപ്പനകേന്ദ്രങ്ങൾ പൂട്ടാൻ നിർദേശംനൽകി. എല്ലാ ഷോപ്പുകളിലും വിൽപ്പന നടത്തുന്ന മാംസം ഏതെന്ന് എഴുതി പ്രദർശിപ്പിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദേശംനൽകി.
ഹെൽത്ത് ഇൻസ്പെക്ടർ സി. രാജീവന്റെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. തുടർദിവസങ്ങളിലും പരിശോധന തുടരുമെന്നും പഞ്ചായത്ത് പരിധിയിലെ അനധികൃത മത്സ്യ മാംസ കച്ചവടസ്ഥാപനങ്ങൾ പരിശോധിച്ച് ഒരാഴ്ചക്കുള്ളിൽ റിപ്പോർട്ട് ലഭ്യമാക്കാൻ ജീവനക്കാർക്ക് നിർദേശംനൽകിയതായും പഞ്ചായത്ത് പ്രസിഡന്റും സെക്രട്ടറിയും അറിയിച്ചു.