ഇ- ഗവേണന്‍സ് രംഗത്ത് കുതിച്ചുചാട്ടത്തിനൊരുങ്ങി കേരളം; ഇ-സേവനം ഇനി ഇവിടെയും!

news image
Apr 1, 2025, 11:31 am GMT+0000 payyolionline.in

ഇ- ഗവേണന്‍സ് രംഗത്ത് കുതിച്ചുചാട്ടത്തിനൊരുങ്ങി കേരളം. ഏപ്രില്‍ പത്തോടുകൂടി സംസ്ഥാനത്ത് സമ്പൂര്‍ണ്ണ കെ സ്മാര്‍ട്ട് പദ്ധതി നടപ്പിലാക്കും. ഇതോടെ നഗരസഭകള്‍ക്കും മുനിസിപ്പാലിറ്റികള്‍ക്കും പിന്നാലെ ത്രിതല പഞ്ചായത്തുകളിലും ഇനി ഇ-സേവനം ലഭ്യമാകും.

ഗ്രാമപഞ്ചായത്തുകളില്‍ നിലവില്‍ പ്രവര്‍ത്തിക്കുന്ന ഐഎല്‍ജിഎംഎസ് സംവിധാനത്തിന്റെ പരിഷ്‌കരിച്ച പതിപ്പാണ് കെ സ്മാര്‍ട്ട്. പഞ്ചായത്ത് ഓഫീസുകളിലെത്താതെ എല്ലാ സേവനങ്ങളും ഓണ്‍ലൈനിലൂടെ സമയബന്ധിതമായി പൂര്‍ത്തിയാക്കാനാവുന്ന സംവിധാനം പൊതുജനങ്ങള്‍ക്ക് ഏറെ പ്രയോജനപ്രദമാകും. നഗരസഭകളിലും മുനിസിപ്പാലിറ്റികളിലും മാത്രമാണ് ഇപ്പോള്‍ കെ സ്മാര്‍ട്ട് പദ്ധതി ഉള്ളത്. ഏപ്രില്‍ 10 ഓടുകൂടി ത്രിതല പഞ്ചായത്തുകളിലും പദ്ധതി നടപ്പാക്കുന്നതോടെ കേരളം സമ്പൂര്‍ണ്ണമായും കെ സ്മാര്‍ട്ട് ആവുകയാണ്.

സംസ്ഥാനത്തെ 941 ഗ്രാമപഞ്ചായത്തുകളിലെയും 152 ബ്ലോക്ക് പഞ്ചായത്തിലെയും 14 ജില്ലാ പഞ്ചായത്തിലെയും ജീവനക്കാര്‍ക്കുള്ള പരിശീലനം പൂര്‍ത്തിയായി കഴിഞ്ഞു. ജീവനക്കാരുടെ ജോലിഭാരം കുറയ്ക്കാനും കെ സ്മാര്‍ട്ട് വഴി സാധിക്കും. കെട്ടിട പെര്‍മിറ്റിന് നിലവില്‍ ഒരുമാസം സമയമെടുക്കുന്നുണ്ട്. എന്നാല്‍ കേസ്മാര്‍ട്ട് നടപ്പിലാക്കുന്നതോടെ 300 സ്‌ക്വയര്‍ ഫീറ്റിന് താഴെയുള്ള വീടുകളുടെ പെര്‍മിറ്റിന് 15 സെക്കന്‍ഡ് മതിയാകും എന്നതാണ് പ്രത്യേകത. ജനന മരണ സര്‍ട്ടിഫിക്കറ്റുകള്‍ അതാത് ദിവസം തന്നെ ലഭ്യമാകും. ലൈസന്‍സ് പുതുക്കലും വേഗത്തിലാകും. വ്യക്തികള്‍ രണ്ടിടത്താണെങ്കിലും വിവാഹം രജിസ്റ്റര്‍ ചെയ്യാം എന്നതാണ് മറ്റൊരു പ്രത്യേകത.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe