ഇൻഷുറൻസ് ഇല്ലേ? വാഹനം റോഡിലിറക്കിയാൽ അഞ്ചിരട്ടി വരെ പിഴ, ഗതാഗത മന്ത്രാലയം നീക്കം തുടങ്ങി

news image
Aug 6, 2025, 2:43 pm GMT+0000 payyolionline.in

ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങൾക്ക് പിഴയിൽ കുത്തനെ വർധനവ് വരുത്താനാൻ നിർദേശിച്ച് റോഡ് ഗതാഗത മന്ത്രാലയം. മോട്ടോർ വാഹന നിയമത്തിലെ ഒരു കൂട്ടം ഭേദഗതികളിലൂടെ, ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങൾ റോഡിലിറക്കിയാൽ ഇൻഷുറൻസ്  പ്രീമിയത്തിന്റെ മൂന്നിരട്ടിയും കുറ്റം ആവർത്തിച്ചാൽ അഞ്ചിരട്ടിയും പിഴ ഈടാക്കണമെന്നാണ് നിർദേശം.

നിലവിൽ ആദ്യ തവണത്തെ കുറ്റത്തിന് 2,000 രൂപയും കുറ്റം ആവർത്തിച്ചാൽ 4,000 രൂപയും മൂന്നുമാസം വരെ തടവുമാണ് ശിക്ഷ. എന്നാൽ ഭേദഗതി പ്രകാരം, നിയമലംഘകർ ആദ്യതവണ അടിസ്ഥാന ഇൻഷുറൻസ് പ്രീമിയത്തിന്റെ മൂന്നിരട്ടിയും കുറ്റം ആവർത്തിച്ചാൽ അഞ്ചിരട്ടിയും അടയ്ക്കേണ്ടിവരും. സാധുവായ ഇൻഷുറൻസ് ഇല്ലാതെ ഓടുന്ന വാഹനങ്ങളുടെ എണ്ണത്തിലെ വർധനവ് തടയുന്നതിനും നിയമം കൂടുതൽ പാലിക്കപ്പെടുന്നു എന്ന് ഉറപ്പാക്കുന്നതിനുമാണ് ഈ നീക്കം.

കൂടാതെ, വേഗപരിധിയെക്കുറിച്ചുള്ള ദീർഘകാലമായുള്ള ആശയക്കുഴപ്പം പരിഹരിക്കുന്നതിനായി ദേശീയപാതകളിലെയും എക്സ്പ്രസ് വേകളിലെയും വേഗപരിധി കേന്ദ്രം നിശ്ചയിക്കണമെന്നും സംസ്ഥാന പാതകളിലെയും മറ്റ് റോഡുകളിലെയും വേഗപരിധി സംസ്ഥാനങ്ങൾക്ക് നിശ്ചയിക്കാമെന്നും മന്ത്രാലയം നിർദേശിച്ചിട്ടുണ്ട്.

നിലവിലെ സംവിധാനത്തിൽ, ദേശീയപാതകളിലും എക്സ്പ്രസ് വേകളിലും കേന്ദ്രം ഔദ്യോഗികമായി പരമാവധി വേഗപരിധി നിശ്ചയിക്കുന്നുണ്ടെങ്കിലും സംസ്ഥാനങ്ങൾ സാധാരണയായി ഈ പാതകളിൽ കുറഞ്ഞ വേഗപരിധിയാണ് ഏർപ്പെടുത്തുന്നത്. ഈ ഏകരൂപമില്ലായ്മ പലപ്പോഴും ദേശീയപാതകളിലും എക്സ്പ്രസ് വേകളിലും സംസ്ഥാനങ്ങൾ നിശ്ചയിച്ച പരിധി ലംഘിക്കുന്നതിന് ഡ്രൈവർമാർക്ക് പിഴ ചുമത്താൻ ഇടയാക്കുന്നു.

ഡ്രൈവിങ് ലൈസൻസ് പുതുക്കുന്നതിനും കരട് ഭേദഗതികൾ കർശനമായ വ്യവസ്ഥകൾ നിർദേശിക്കുന്നു. അമിതവേഗം, മദ്യപിച്ച് വാഹനമോടിക്കൽ തുടങ്ങിയ കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെട്ടവർക്ക് നിർബന്ധിത ഡ്രൈവിങ് ടെസ്റ്റ് ആവശ്യമാകും

ഇതിനുപുറമെ, 55 വയസ്സിന് മുകളിലുള്ളവർക്ക് ലൈസൻസ് പുതുക്കുന്ന സമയത്ത് ഡ്രൈവിങ് ടെസ്റ്റിന് വിധേയരാകേണ്ടിയും വരും. മന്ത്രിസഭയുടെ അംഗീകാരം തേടുന്നതിന് മുൻപായി, നിർദ്ദിഷ്ട ഭേദഗതികൾ മറ്റ് മന്ത്രാലയങ്ങളുടെ അഭിപ്രായത്തിനായി കൈമാറിയിട്ടുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe