ടെൽ അവീവ്: അതിർത്തി കടന്നുള്ള ഹമാസിന്റെ ആക്രമണത്തിൽ ഇസ്രയേലിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 1000 കടന്നു. 1008 പേർ കൊല്ലപ്പെട്ടുവെന്നും 3418 പേർക്ക് ഇതുവരെ പരിക്കേറ്റെന്നും അമേരിക്കയിലെ ഇസ്രയേൽ എംബസി വ്യക്തമാക്കി. അതിനിടെ ഗാസയിൽ ഇസ്രയേൽ സൈന്യം നടത്തിയ ആക്രമണത്തിൽ ധനമന്ത്രി കൊല്ലപ്പെട്ടു. ഗാസയിലെ ധനകാര്യ മന്ത്രി അബു ഷംലയാണ് കൊല്ലപ്പെട്ടത്. ഹമാസ് ഭരണത്തിലുള്ള പ്രദേശമാണ് ഗാസ. കഴിഞ്ഞ ദിവസം ഗാസയിലെ ധനകാര്യ മന്ത്രാലയവും ബാങ്കും ഇസ്രയേൽ തകർത്തിരുന്നു.
ഇസ്രയേൽ – ഹമാസ് യുദ്ധം നാലാം ദിവസവും അതിരൂക്ഷമായി തുടരുകയാണ്. രാജ്യത്തിന് ഉള്ളിലേക്ക് കടന്നുകയറിയ ഹമാസ് സംഘത്തിലെ 1500 പേരെ ഇതുവരെ വധിച്ചുവെന്ന് ഇസ്രയേൽ വ്യക്തമാക്കുന്നു. ഗാസയിൽ വ്യോമാക്രമണം കടുപ്പിച്ച ഇസ്രയേൽ ഹമാസിന്റെ ഭരണ ആസ്ഥാനമടക്കം ബോംബിട്ട് തകർത്തിരുന്നു. ബന്ദികളായിക്കയവരുടെ കാര്യത്തിൽ വ്യോമാക്രമണം നിർത്തിയാൽ അവരെ മോചിപ്പിക്കുന്നത് ചർച്ച ചെയ്യാമെന്നായിരുന്നു ഹമാസ് നിലപാട്. ഇത് ഇസ്രയേൽ തള്ളുകയും ചെയ്തു.