ഇലക്ട്രിക് വാഹന ബാറ്ററി, മൊബൈല്‍ ഫോണ്‍ നിര്‍മ്മാണത്തിനുള്ള പ്രധാന ഘടകങ്ങള്‍ തുടങ്ങിയവയുടെ ഇറക്കുമതി തീരുവ കേന്ദ്രസര്‍ക്കാര്‍ ഒഴിവാക്കി. ആഭ്യന്തര ഉല്പാദനം വര്‍ദ്ധിപ്പിക്കുന്നതിനും ആഗോള വിപണിയില്‍ ശക്തമായി മത്സരിക്കുന്നതിനും വേണ്ടിയുള്ള കേന്ദ്രത്തിന്റെ സുപ്രധാന ചുവടുവയ്പ്പാണിത്. ഇലക്ട്രിക് വാഹന (ഇവി) ബാറ്ററികളുടെയും മൊബൈല്‍ ഫോണുകളുടെയും ഉത്പാദനത്തിന് ഉപയോഗിക്കുന്ന നിര്‍ണായക ഘടകങ്ങളുടെ ഇറക്കുമതി തീരുവ കുറയുന്നതോടെ ഇലക്ട്രിക് വാഹനങ്ങളുടെയും മൊബൈല്‍ ഫോണുകളുടെയും വിലയും കുറയും.
ധനകാര്യ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നതിനിടെയാണ്, ഇവി ബാറ്ററി നിര്‍മ്മാണത്തിന് ആവശ്യമായ 35 ഇനങ്ങളുടെയും മൊബൈല്‍ ഫോണ്‍ ഉല്പാദനത്തിന് ഉപയോഗിക്കുന്ന 28 ഇനങ്ങളുടെയും ഇറക്കുമതി തീരുവ ഒഴിവാക്കുമെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന് അറിയിച്ചത്. താരിഫ് കുറയ്ക്കുന്നതു സംബന്ധിച്ച് ഇന്ത്യയും അമേരിക്കയും തമ്മില്‍ നടക്കുന്ന വ്യാപാര ചര്‍ച്ചകള്‍ക്കിടെയാണ് ഈ തീരുമാനം.
കേന്ദ്രത്തിന്റേത് തന്ത്രപരമായ നിലപാട്
കേന്ദ്രസര്‍ക്കാരിന്റെ ഈ തീരുമാനത്തിന് പിന്നില്‍ തന്ത്രപരമായ ചില നിലപാടുമുണ്ട്. ഇറക്കുമതി തീരുവ ഒഴിവാക്കുന്നതിലൂടെ, ആഭ്യന്തര നിര്‍മ്മാതാക്കള്‍ക്ക് അസംസ്കൃത വസ്തുക്കളുടെ ചെലവ് ഗണ്യമായി കുറയും. ഇതിലൂടെ പ്രാദേശിക ഉല്പാദനം വര്‍ദ്ധിപ്പിക്കാനും കൂടുതല്‍ നിക്ഷേപം ആകര്‍ഷിക്കാനും കഴിയും. ആഭ്യന്തര ഉല്പാദന വളര്‍ച്ചാ നിരക്ക് ഉത്തേജിപ്പിക്കാനും കഴിയും. ചെലവ് കുറയുന്നത് ആഭ്യന്തര നിര്‍മ്മാതാക്കളെ ആഗോള വിപണിയില്‍ ശക്തമായി മത്സരിക്കാന്‍ പ്രാപ്തരാക്കും. സ്വാഭാവികമായും, ഇത് ഇവി ബാറ്ററികളുടെയും മൊബൈല്‍ ഫോണുകളുടെയും കയറ്റുമതി വര്‍ദ്ധനയ്ക്ക് വഴി വയ്ക്കും.