ദില്ലി: ഇലക്ട്രല്‍ ബോണ്ട് കേസില്‍ വീണ്ടും വഴിത്തിരിവ്. സുപ്രീം കോടതി വിധിയിൽ പരിഷ്ക്കരണം വേണമെന്നാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ അപേക്ഷ നല്‍കി. നാളെ സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് അപേക്ഷ പരിഗണിക്കും. ഭരണഘടന ബെഞ്ചിന്‍റെ സിറ്റിംഗിലായിരിക്കും അപേക്ഷ പരിഗണിക്കുക. എന്നാല്‍, പുതിയ നീക്കത്തില്‍ വിമര്‍ശനവുമായി മുതിര്‍ന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷണ്‍ രംഗത്തെത്തി. ഇലക്ട്രല്‍ ബോണ്ടില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരാതെയിരിക്കാനുള്ള നീക്കമാണെന്ന് പ്രശാന്ത് ഭൂഷണ്‍ വിമര്‍ശിച്ചു. ഇലക്ട്രല്‍ ബോണ്ട് വിവരങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്ത് വിട്ടതിന് പിന്നാലെയാണ് പുതിയ നീക്കവും ഉണ്ടായിരിക്കുന്നത്.
കമ്മീഷൻ സീൽ കവറിൽ നൽകിയ വിവരങ്ങൾ തിരികെ വേണമെന്നാണ് അപേക്ഷയിലെ ആവശ്യം. കമ്മീഷൻ നല്‍കിയ വിവരങ്ങള്‍ പ്രസിദ്ധീകരിക്കുമെന്ന് നേരത്തെ സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. എന്നാല്‍, സുപ്രീം കോടതിയില്‍ നല്‍കിയ രേഖകളുടെ പകർപ്പ് കൈവശം ഇല്ലെന്നും അതിനാൽ അവ വെബ് സെറ്റിൽ പ്രസിദ്ധീകരിക്കാൻ തിരികെ വേണമെന്നുമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ആവശ്യം. ഇലക്ട്രല്‍ ബോണ്ട് വിവരങ്ങള്‍ അടങ്ങിയ 106 സീൽഡ് കവറുകളാണ് കമ്മിഷൻ കോടതിയിൽ നൽകിയിരുന്നത്.