പയ്യോളി: ഇരിങ്ങൽ ശ്രീ മേക്കുന്നോളി പരദേവത ക്ഷേത്രക്കിണറിൽ ഉണക്കമീനും വസ്ത്രവുമടങ്ങിയ മാലിന്യം തള്ളി. ഒരാളെ പോലീസ് പിടികൂടി.
ഇരിങ്ങൽ മേക്കന്നോളി പരദേവതാ ക്ഷേത്രക്കിണറിലാണ് അജ്ഞാതൻ ബാഗിൽ നിറച്ച നിലയിൽ മാലിന്യം തള്ളിയത്. ഇന്ന് രാവിലെ 10 ഓടെയാണ് സംഭവം അറിഞ്ഞത്.
ഇന്ന് രാവിലെയോടെയാണ് മാലിന്യം നിറച്ച ബാഗ് കിണറിലെറിഞ്ഞ നിലയിൽ ക്ഷേത്രം ശാന്തിയുടെ ശ്രദ്ധയിൽ പെട്ടത്. തുടർന്ന്, ഭാരവാഹികളെയും നാട്ടുകാരെയും വിവരമറിയിക്കുകയായിരുന്നു. സംഭവം പരിശോധിച്ച്, ഭാരവാഹികൾ പയ്യോളി പോലീസിൽ വിവരമറിയിച്ചു.
ഇതേ തുടർന്ന് ബാഗ് പുറത്തെടുത്ത് പരിശോധന നടത്തിയപ്പോഴാണ്, ഉണക്കമീൻ, സ്ത്രീകളുടെ അടിവസ്ത്രങ്ങൾ, ഇടിവള, പെൻസിൽ ബോക്സ് തുടങ്ങിയ മാലിന്യങ്ങൾ കണ്ടെത്തിയത്.
ഇന്നലെ ടാങ്കിൽ വെള്ളം നിറച്ചു വെച്ചതിനാൽ ഇന്നത്തെ ക്ഷേത്ര കർമ്മങ്ങളിൽ കിണറിൽ നിന്നും വെള്ളമെടുത്തിരുന്നില്ല.
പ്രാഥമിക അന്വേഷണം നടത്തിയ പോലീസ് പ്രതിയെന്ന് സംശയിക്കുന്ന പ്രദേശവാസിയെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാൾ മാനസികാസ്വാസ്ഥ്യമുള്ളയാളാണെന്ന് പറയുന്നു.
ക്ഷേത്രം ഭാരവാഹികളും നാട്ടുകാരും ക്ഷേത്രക്കിണറിലെ വെള്ളം വറ്റിച്ച് പുണ്യാഹം നടത്തി ശുദ്ധി ചെയ്യാനുള്ള ഒരുക്കങ്ങളിലാണ്