ഇമ്പിച്ചിബാവ ഭവന പുനരുദ്ധാരണ പദ്ധതി: അപേക്ഷാ തീയതി നീട്ടി

news image
Aug 2, 2025, 4:31 pm GMT+0000 payyolionline.in

 

മുസ് ലിം, ക്രിസ്ത്യൻ, ബുദ്ധ, സിഖ്, പാഴ്സി, ജൈൻ തുടങ്ങിയ ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിധവകൾ, വിവാഹബന്ധം വേർപ്പെടുത്തിയവരോ ഉപേക്ഷിക്കപ്പെട്ടവരോ ആയ സ്ത്രീകൾ എന്നിവർക്കായി ന്യൂനപക്ഷക്ഷേമ വകുപ്പ് നൽകുന്ന ഇമ്പിച്ചിബാവ ഭവന പുനരുദ്ധാരണ ധനസഹായ പദ്ധതിയിൽ അപേക്ഷിക്കാനുള്ള അവസാന തീയതി ആഗസ്റ്റ് 20 വരെ നീട്ടി. ശരിയായ രീതിയിൽ ജനലുകൾ, വാതിലുകൾ, മേൽക്കൂര, ഫ്ലോറിങ്, ഫിനിഷിങ്, പ്ലംബിങ്, സാനിറ്റേഷൻ, ഇലക്ട്രിഫിക്കേഷൻ എന്നിവയില്ലാത്ത വീടുകളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിനാണ് ധനസഹായം നൽകുക.

ഒരു വീടിന്റെ അറ്റകുറ്റപണികൾക്ക് 50,000 രൂപയാണ് ധനസഹായം. തുക തിരിച്ചടക്കേണ്ടതില്ല. അപേക്ഷകയുടെ/പങ്കാളിയുടെ പേരിലുള്ള വീടിന്റെ പരമാവധി വിസ്തീർണ്ണം 1200 ചതുരശ്ര അടിയിൽ കവിയരുത്. ബിപിഎൽ കുടുംബത്തിനും പെൺകുട്ടികൾ മാത്രമുള്ളവർക്കും മക്കളില്ലാത്തവർക്കും മുൻഗണന ലഭിക്കും. സർക്കാർ/അർധസർക്കാർ സ്ഥാപനങ്ങളിൽ സ്ഥിരവരുമാനം ലഭിക്കുന്ന മക്കളുള്ള വിധവകൾ, സർക്കാരിൽനിന്നോ സമാന ഏജൻസികളിൽനിന്നോ 10 വർഷത്തിനുള്ളിൽ ഭവന നിർമ്മാണത്തിന് സഹായം ലഭിച്ചവർ എന്നിവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല. പ്രത്യേക ഫോം മുഖേനയാണ് അപേക്ഷിക്കേണ്ടത്. അപേക്ഷകയുടെ/പങ്കാളിയുടെ പേരിലുള്ള 2025-26 സാമ്പത്തിക വർഷത്തെ ഭൂമിയുടെ നികുതി അടച്ച രസീതിയുടെ പകർപ്പ്, റേഷൻ കാർഡിൻ്റെ പകർപ്പ് എന്നിവയോടൊപ്പം വീട് റിപ്പയർ ചെയ്യേണ്ടതിനും വീടിന്റെ വിസ്തീർണ്ണം തെളിയിക്കുന്നതിനും മറ്റു വകുപ്പുകളിൽനിന്നോ സമാന ഏജൻസികളിൽ നിന്നോ അപേക്ഷകയ്ക്ക് 10 വർഷത്തിനുള്ളിൽ ഭവന നിർമ്മാണത്തിനോ പുനരുദ്ധാരണത്തിനോ ആനുകൂല്യം ലഭിച്ചിട്ടില്ലെന്ന് തെളിയിക്കുന്നതിനുമുള്ള സാക്ഷ്യപത്രം ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽനിന്ന് അപേക്ഷയോടൊപ്പം ഹാജരാക്കണം. പൂരിപ്പിച്ച അപേക്ഷ അനുബന്ധ രേഖകൾ സഹിതം കളക്ടറേറ്റിലെ ന്യൂനപക്ഷക്ഷേമ സെക്ഷനിൽ നേരിട്ടോ ഡെപ്യൂട്ടി കളക്ടർ (ജനറൽ), ജില്ലാ ന്യൂനപക്ഷക്ഷേമ സെക്ഷൻ, ജില്ലാ കളക്ടറേറ്റ് എന്ന വിലാസത്തിൽ തപാൽ മുഖേനയോ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾ www.minoritywelfare.kerala.gov.in വെബ്സൈറ്റിൽ ലഭിക്കും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe