ന്യൂഡൽഹി: ഇന്ത്യ-പാക് സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ സൈബർ സുരക്ഷ ശക്തമാക്കി രാജ്യത്തെ ബാങ്കുകൾ. പാക് ആക്രമണത്തിന് പിന്നാലെ അതിർത്തി പ്രദേശങ്ങൾക്ക് സമീപമുള്ള ബാങ്ക് ശാഖകളിൽ കഴിഞ്ഞ ദിവസം സുരക്ഷ ശക്തമാക്കിയിരുന്നു. സൈബർ ആക്രമണത്തെ നേരിടാൻ 24 മണിക്കൂർ വാർ റൂം സൃഷ്ടിച്ചിട്ടുണ്ടെന്ന് പഞ്ചാബ് നാഷനൽ ബാങ്ക് എം.ഡിയും സി.ഇ.ഒയുമായ അശോക് ചന്ദ്ര പറഞ്ഞു.
അതിർത്തി മേഖലകളിലെ എ.ടി.എമ്മുകളിൽ പണലഭ്യത ഉറപ്പുവരുത്തിയിട്ടുണ്ട്. ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള ക്രമീകരണങ്ങളും ഒരുക്കിയതായി ബാങ്ക് അധികൃതരെ ഉദ്ധരിച്ച് വാർത്ത ഏജൻസിയായ പി.ടി.ഐ റിപ്പോർട്ടുചെയ്തു.
ബാങ്കിങ് അടക്കം സാമ്പത്തിക സ്ഥാപനങ്ങളെയും ഇൻഷുറൻസ് മേഖലയിലെ സ്ഥാപനങ്ങളെയും ലക്ഷ്യമാക്കി സൈബർ ആക്രമണമുണ്ടായേക്കാമെന്ന് ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം (സി.ഇ.ആർ.ടി-ഇൻ) കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയിരുന്നു.